ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞു: സത്യഭാമക്ക് മറുപടിയുമായി മണികണ്ഠന്‍ ആചാരി
Film News
ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞു: സത്യഭാമക്ക് മറുപടിയുമായി മണികണ്ഠന്‍ ആചാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st March 2024, 9:09 pm

കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ നൃത്താധ്യാപിക സത്യഭാമക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ മണികണ്ഠന്‍ ആചാരി. സത്യഭാമക്കൊരു മറുപടി എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

തങ്ങള്‍ മനുഷ്യരാണെന്നും ഈ മണ്ണില്‍ ജനിച്ചുവളര്‍ന്നവരാണെന്നും താരം എഫ്.ബി പോസ്റ്റില്‍ പറയുന്നു. തങ്ങള്‍ കലാകാരന്മാരാണെന്നും അതാണ് തങ്ങളുടെ അടയാളമെന്നും മണികണ്ഠന്‍ ആചാരി പറഞ്ഞു. പോസ്റ്റിനൊപ്പം കലാഭവന്‍ മണിയുടെ പ്രതിമക്ക് മുന്നില്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനൊപ്പം നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു.


തങ്ങള്‍ ആടുന്നതും പാടുന്നതും അഭിനയിക്കുന്നതും കാണാന്‍ താത്പര്യമുള്ള നല്ലമനസുള്ളവര്‍ കണ്ടോളുമെന്നും മണികണ്ഠന്‍ ആചാരി പോസ്റ്റില്‍ കുറിച്ചു. ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയെന്നും ഇത് യുഗം വേറെയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്‍.എല്‍.വി രാമകൃഷ്ണന്റെ നിറത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ആര്‍.എല്‍.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണമെന്നുമാണ് സത്യഭാമ പറഞ്ഞത്.

ഈ വീഡിയോ പുറത്ത് വന്നതോടെ നിരവധി ആളുകളായിരുന്നു സത്യഭാമക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സത്യഭാമക്കെതിരെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും മുന്നോട്ട് വന്നിരുന്നു.

സത്യഭാമയുടെ പരാമര്‍ശം അപമാനകരമാണെന്നാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചത്. കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ടം കളിക്കാന്‍ പാടില്ലെന്നത് അപമാനകരമായ പ്രസ്താവന ആണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരം എന്നതിന് അപ്പുറം കലയിലേക്ക് കടന്ന് വരുന്ന പുതിയ തലമുറക്ക് വേണ്ടി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാമണ്ഡലത്തിലെ പഠന കാലത്തും ഇത്തരത്തിലുള്ള ജാതീയ പരാമര്‍ശങ്ങള്‍ താന്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

Content Highlight: Manikandan Achari React Against Satyabhama