തന്റെ മനസിൽ ലേഡി സൂപ്പർ സ്റ്റാർ ഉർവശി ആണെന്ന് നടൻ മണികണ്ഠൻ ആചാരി. ഏതുവേഷങ്ങളും ചെയ്യാൻ കഴിവുള്ള നടിയാണെന്നും മുൻകാല നടിമാരിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉർവശിയെ ആണെന്നും താരം പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായാകൻ സുബാഷ് ലളിത സുബ്രഹ്മണ്യനും അഭിമുഖത്തിൽ പങ്കെടുത്തു.
‘എന്റെ മനസ്സിൽ ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചിയാണ്. ഏത് വേഷവും ചേച്ചിക്ക് ചെയ്യാൻ കഴിയും. ഇത്രയും ഫ്ലെക്സിബിൾ ആയിട്ടുള്ള നടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടിയും ചേച്ചിയാണ്. മുൻകാലങ്ങളിലെ നടിമാരായ ശോഭന, സുഹാസിനി എന്നിവരെയും എനിക്കിഷ്ടമാണ്,’ മണികണ്ഠൻ പറഞ്ഞു.
ചാൾസ് എന്റർ പ്രൈസസ് എന്ന ചിത്രത്തിന്റെ ഡയലോഗുകൾ ഉർവശി തമിഴിൽ എഴുതി തന്നെന്നും അതിൽ താൻ ഒപ്പിട്ട് വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്നും സംവിധായകൻ സുബാഷ് ലളിത സുബ്രഹ്മണ്യൻ പറഞ്ഞു.
‘ഒരു ഭാഷയല്ല, പല ഭാഷകളും ഉർവശി ചേച്ചിക്ക് അറിയാം. സിനിമയുടെ തമിഴ് ഡബ്ബിങ്ങിനായി ചെന്നപ്പോൾ ഡയലോഗിന്റെ തിരുത്തലുകൾ ഒരു പേപ്പറിൽ എഴുതി തന്നു. ഞാൻ അതിൽ നോക്കിയപ്പോൾ അതുമുഴുവൻ തമിഴാണ്. ചേച്ചി അതെനിക്ക് മാറ്റി തന്നു. അതിൽ ഒരു ഒപ്പിട്ട് തരുമോയെന്ന് ഞാൻ ചേച്ചിയോട് ചോദിച്ചു. ചേച്ചി അതിൽ ഒപ്പിട്ട്തന്നു,’ സുബാഷ് പറഞ്ഞു.
സുബാഷ് സുബ്രഹ്മണ്യൻ തന്നെയാണ് ചാൾസ് എന്റർ പ്രൈസസിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ഗുരു സോമ സുന്ദരം, കലൈ അരസൻ, ഷെബിൻ ബെൻസൺ, ബാലു വർഗീസ്, ഗീതി സംഗീത എന്നിവർ പ്രധാന വേഷം ചെയ്യുന്നു. മെയ് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Content Highlights: Manikandan Achari on Urvashi