| Monday, 22nd May 2023, 1:38 pm

ആ കാലം ഇപ്പോഴും ഓര്‍മയിലുള്ളത് കൊണ്ടാണ് ആര്‍ഭാടങ്ങളില്‍ വീണുപോകാത്തത്: മണികണ്ഠന്‍ ആചാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോടമ്പക്കത്തെ കഷ്ടപ്പാടുകള്‍ നിറഞ്ഞ കാലം ഇപ്പോഴും ഓര്‍മയിലുള്ളത് കൊണ്ടാണ് ആര്‍ഭാടങ്ങളില്‍ വീണുപോകാത്തതെന്ന് നടന്‍ മണികണ്ഠന്‍ ആചാരി. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ കാലം ഇപ്പോഴും ഓര്‍മയിലുണ്ടെന്നും നല്ലകാലം ആസ്വദിക്കുമ്പോള്‍ മുമ്പ് ഏത് അവസ്ഥയിലായിരുന്നു എന്നുള്ള ഓര്‍മകള്‍ ഒരു നിഴലുപോലെ കൂടെയുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു.

‘കോടമ്പക്കത്തെ ജീവിത കാലം എപ്പോഴും ഓര്‍മയിലുണ്ട്. അതോര്‍ക്കാന്‍ തമിഴ് കേള്‍ക്കണമെന്നില്ല. ഓരോ നിമിഷവും നല്ലത് ആസ്വദിക്കുമ്പോള്‍ മുമ്പ് എങ്ങനെയായിരുന്നു എന്ന ഓര്‍മകള്‍ ഒരു നിഴലുപോലെ കൂടെയുണ്ട്. ആ നിഴലുള്ളത് കൊണ്ടാണ് പുതിയ സന്തോഷങ്ങളിലും ആര്‍ഭാടങ്ങളിലും അടിമുടി വീണുപോകാത്തത്. പണ്ട് സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അന്ന് ഉപയോഗിച്ചിരുന്ന ചെരുപ്പ് അല്ല ഇന്ന് ഉപയോഗിക്കുന്നത്. അതുകൊണ്ട് കാലിന് അഹങ്കാരം വരാതിരിക്കാന്‍ അന്നത്തെ ചെരുപ്പിനെ കുറിച്ച് കാലിനെ ഓര്‍മിപ്പിക്കാറുണ്ട്.

നടന്‍ ആകുക എന്നല്ലാതെ എനിക്കൊന്നും ആഗ്രഹമില്ലായിരുന്നു. നടനല്ലാതെ വേറൊന്നും ആകേണ്ട എന്നും നടന്‍ തന്നെയാകും എന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. സ്ട്രഗിള്‍ എല്ലാവര്‍ക്കമുണ്ട്. ഏത് ഫീല്‍ഡിലാണെങ്കിലും സ്ട്രഗിള്‍ ഉണ്ട്. അനുഭവിക്കുന്ന സമയത്ത് അതിന്റെ മഹത്വം അറിയില്ല. ആ സ്റ്റേജ് കഴിഞ്ഞ് പുതിയൊരു സ്റ്റേജിലേക്ക് എത്തുമ്പോഴാണ് നമ്മള്‍ ഇങ്ങനെയൊക്കെയാണ് വന്നത്, എന്ത് രസമായിരുന്നു ആ കാലം എന്ന് തോന്നും.

ഒറ്റമുറിയില്‍ മൂന്നും നാലും ആര്‍ടിസ്റ്റുകള്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ഒരുമിച്ച് ഊഴം വെച്ച് ഭക്ഷണമുണ്ടാക്കിയ ഇല്ലായ്മയുടെ കുറെ രസങ്ങളുണ്ട്. അതിനി ചിലപ്പോള്‍ കിട്ടില്ല. ഇപ്പോ അത് മിസ്സിങ് ആണ്. അന്ന് അത് സ്ട്രഗിള്‍ ആയിരുന്നു, കുറെ കരഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആഗ്രഹിക്കുന്നതുപോലുള്ള സീനുകളായിരുന്നു അത്. എല്ലാവര്‍ക്കും അങ്ങനെ തന്നെയാണ്,’ മണികണ്ഠന്‍ ആചാരി പറഞ്ഞു.

സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ചാള്‍സ് എന്റര്‍പ്രൈസസ് ആണ് മണികണ്ഠന്റെ ഏറ്റവും പുതിയ സിനിമ. ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണവുമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ. മെയ് 19നാണ് സിനിമ റിലീസ് ചെയ്തത്. ഉര്‍വശിയാണ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബാലു വര്‍ഗീസ്, തമിഴ് നടന്‍ കലയരസന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നെത്തി കൊച്ചിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും കാഴ്ച പരിമിധിയുള്ള ഒരു ചെറുപ്പക്കാരന്റെയും കഥ പറയുന്ന സിനിമയാണ് ചാള്‍സ് എന്റര്‍ പ്രൈസസ്.

content highlight; Manikandan Achari on his troubled past

We use cookies to give you the best possible experience. Learn more