| Tuesday, 26th March 2024, 3:46 pm

എനിക്ക് നടുവിന്, ചെമ്പന് തലക്ക്, ലുക്മാന് കാലിന്, സെന്തിലിന് വാരിയെല്ലിന്; പരിക്ക് പറ്റാത്തവരായി ആരുമില്ല: മണികണ്ഠൻ ആചാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഞ്ചകള്ളക്കോക്കാൻ സിനിമയിലെ ആക്ഷൻ സീനുകളെക്കുറിച്ച് സംസാരിക്കുകയാണ് മണികണ്ഠൻ ആചാരി. താൻ ഇത് വരെ നാടൻ തല്ലുകളാണ് ചെയ്തതെന്നും എന്നാൽ ഈ സിനിമയിൽ കൊറിയോഗ്രാഫിയിൽ നിന്നിട്ടുള്ള ഫൈറ്റുകൾ ചെയ്‌തെന്നും മണികണ്ഠൻ പറഞ്ഞു.

ആ ഫൈറ്റുകളിൽ ഭംഗിയുള്ള കുറെ ഷോട്ടുകൾ കിട്ടിയിട്ടുണ്ടെന്നും നല്ല രീതിയിൽ പരിക്കുകളും പറ്റിയിട്ടുണ്ടെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. തനിക്കും ലുക്മാനും സെന്തിലിനും ചെമ്പൻ വിനോദിനുമെല്ലാം പരിക്കുകൾ പറ്റിയിരുന്നെന്നും എന്നാൽ സിനിമ കാണുമ്പോൾ ഹാപ്പി ആണെന്നും മണികണ്ഠൻ ക്ലബ്ബ് എഫ്.എമ്മിനോട് പറഞ്ഞു.

‘നാടൻ തല്ലുകളാണ് എനിക്ക് കൂടുതലും സിനിമകളിൽ ചെയ്യേണ്ടിവന്നത്. എന്റെ ആദ്യത്തെ സിനിമയായ കമ്മട്ടിപ്പാടത്തിൽ അങ്ങനെ ആയിരുന്നല്ലോ. കയ്യിൽ കിട്ടിയ സാധനം കൊണ്ട് അടിക്കുക, കടിക്കുക, പിച്ചുക എന്നുള്ള നാടൻ തല്ലായിരുന്നല്ലോ. രക്ഷപ്പെടൽ മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്. ഒരാപത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഒരു സാധാരണ മനുഷ്യൻ ചെയ്യുന്നതാണ് ഇതുവരെ ചെയ്തിട്ടുള്ളത്.

ഇതിനകത്ത് കൊറിയോഗ്രാഫിയിൽ നിന്നിട്ടുള്ള ഫൈറ്റുകൾ, ജമ്പുകൾ ഒഴിഞ്ഞുമാറലുകൾ തുടങ്ങിയ ഭംഗിയുള്ള കുറെ ഷോട്ടുകൾ കിട്ടിയിട്ടുണ്ട്. നല്ല രീതിയിൽ പരിക്കുകൾ പറ്റിയിട്ടുള്ള ഒരു സിനിമ. നടുവിന് ഒരു പരിക്ക് പറ്റിയിട്ടുണ്ട്. എടുത്ത് അടിക്കുന്ന ഒരു സീൻ ഉണ്ട്. അത് ശരിക്കും കിട്ടിയിരുന്നു. ബെഡ് ഉണ്ടെങ്കിലും അത് നമുക്ക് നന്നായിട്ട് കിട്ടും.

ചെമ്പൻ ചേട്ടന്റെ തലയിൽ ചെറിയ ഒരു മുറിവ് വന്നു. ഒരുപാട് ഗ്ലാസ്സുകൾ പൊട്ടുന്നത്. സെന്തിലിന്റെ വാരിയെല്ലിന് ചെറിയ സ്ക്രാച്ച് വന്നു. ലുക്മാന്റെ കാലിന് തോക്കിന്റെ പാതി കൊണ്ട് അടികിട്ടി. നാലുപേർക്കും നല്ല രീതിയിൽ പണി കിട്ടിയിട്ടുണ്ട്. പക്ഷേ സിനിമ കാണുമ്പോൾ വൻ ഹാപ്പിയാണ്. ഈ നാലുപേരുടെ കോംബോ എന്ന് പറയുന്നത് ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ചതാണ്. ഇവരെ നാല് പേരെയും വെച്ച് ഒരു സിനിമ ചെയ്താൽ നന്നാവും എന്ന് തോന്നിപ്പോകുന്ന രീതിയിലുള്ള ഒരു കെമിസ്ട്രി വർക്ക് ചെയ്തിട്ടുണ്ട്,’ മണികണ്ഠൻ ആചാരി പറഞ്ഞു.

Content Highlight: Manikandan achari about the injuries that he had on anjakallakokkan

We use cookies to give you the best possible experience. Learn more