| Thursday, 28th March 2024, 8:25 am

കമ്മട്ടിപ്പാടം കണ്ടിട്ട് മമ്മൂക്ക വിളിച്ചില്ല; എന്നാൽ നേരിട്ട് കണ്ടപ്പോൾ ഒരു കാര്യം പറഞ്ഞു: മണികണ്ഠൻ ആചാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മണികണ്ഠൻ ആചാരി. ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തിയ കമ്മട്ടിപ്പാടത്തിലൂടെയാണ് മണികണ്ഠനെ പ്രേക്ഷകർക്ക് സുപരിചിതനാക്കിയത്. കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടൻ എന്ന കഥാപാത്രം മണികണ്ഠന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവ് ഉണ്ടാക്കി.

ചിത്രം കണ്ടതിന് ശേഷം മമ്മൂട്ടി വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മണികണ്ഠൻ ആചാരി. അദ്ദേഹം വിളിച്ചില്ലെന്നും നേരിട്ട് കണ്ടപ്പോൾ നന്നായിട്ടുണ്ടെന്ന് പറഞ്ഞെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കമ്മട്ടിപ്പാടം കണ്ടിട്ട് വിളിച്ചിട്ടൊന്നുമില്ല. നേരിട്ട് കണ്ടപ്പോൾ നന്നായിട്ട് ഉണ്ടെന്ന് പറഞ്ഞു. മെസേജ് അയച്ചോ വിളിച്ചോ ഒന്നും പറഞ്ഞിട്ടില്ല. മമ്മൂട്ടി സാറിനെ നേരിട്ട് കാണാൻ പോയിരുന്നു. അപ്പോഴാണ് അദ്ദേഹം എന്നോടത് പറഞ്ഞത്,’ മണികണ്ഠൻ ആചാരി പറയുന്നു.

ഈ വര്‍ഷം മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയ സിനിമകളിലൊന്നായ ഭ്രമയുഗത്തിൽ അഭിനയിച്ച അനുഭവവും മണികണ്ഠൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ചിത്രത്തിൽ മണികണ്ഠൻ ആചാരിക്ക് മാത്രമാണ് മമ്മൂട്ടിയുമൊത്ത് കോമ്പിനേഷൻ സീനുകൾ ഇല്ലാത്തത്. അതുകൊണ്ട് തന്നെ മനയിൽ കയറാത്തതിൽ സങ്കടമുണ്ടെന്ന് മണികണ്ഠൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

‘ആക്ടർ എന്ന നിലയിൽ മനയിലേക്ക് കയറാത്തതിൽ സങ്കടമുണ്ട്. ക്യാരക്ടർ എന്ന രീതിയിൽ അത് നന്നായി എന്നാണ് തോന്നുന്നത്. കോരൻ എന്ന നിലയിൽ ആണ് ഞാൻ ഉദ്ദേശിച്ചത്. കാരണം യക്ഷിയുടെ കയ്യിൽ നിന്ന് അപ്പോൾ തന്നെ തീർന്നല്ലോ, അവിടെ പീഡിപ്പിക്കുകയല്ലേ. ഓരോ നിമിഷവും പേടിച്ചു മരിക്കുകയല്ലേ. കോരൻ ഭാഗ്യവാൻ ആണ്,’ മണികണ്ഠൻ ആചാരി പറഞ്ഞു.

ചെമ്പന്‍ വിനോദ് ജോസ് നിർമിച്ച അഞ്ചക്കള്ളക്കോക്കാനാണ് മണികണ്ഠന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. ചെമ്പന്‍ വിനോദ്, ലുക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററുകളില്‍ എത്തിയിരുന്നു. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.

Content Highlight: Manikandan achari about mammootty’s response after seeing kammatipadam

We use cookies to give you the best possible experience. Learn more