'വാലിബന്റെ ഡബ്ബിങ് പൂർത്തിയാക്കിയ എന്നെ വീണ്ടും കറക്ഷന് വിളിച്ചു; സ്റ്റുഡിയോയിൽ നിന്ന് കരഞ്ഞാണ് ഇറങ്ങിയതെന്ന് വേണമെങ്കിൽ പറയാം'
Malayalam Cinema
'വാലിബന്റെ ഡബ്ബിങ് പൂർത്തിയാക്കിയ എന്നെ വീണ്ടും കറക്ഷന് വിളിച്ചു; സ്റ്റുഡിയോയിൽ നിന്ന് കരഞ്ഞാണ് ഇറങ്ങിയതെന്ന് വേണമെങ്കിൽ പറയാം'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th March 2024, 4:49 pm

മലൈക്കോട്ടൈ വാലിബന്റെ സമയത്ത് ഡബ്ബിങ്ങിന് പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ മണികണ്ഠൻ ആചാരി. ഷൂട്ടിങ് സമയത്ത് ലിജോ ജോസ് തന്റെ അഭിനയത്തിൽ ശരിയാക്കുന്ന പരിപാടിയൊന്നും ഉണ്ടായിരുന്നില്ലെന്ന് മണികണ്ഠൻ പറഞ്ഞു.

എന്നാൽ ഡബ്ബിങ്ങിന് പോയപ്പോൾ അദ്ദേഹത്തിന്റെ ക്ലാസ് കിട്ടിയെന്നും ഒന്നര ദിവസംകൊണ്ട് ഡബ്ബ് ചെയ്തത് കറക്ഷൻ ഉണ്ടെന്ന് പറഞ്ഞ് മൂന്ന് ദിവസം എടുപ്പിച്ചെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. സാധാരണ കറക്ഷന് പോയാൽ ഒരു മണിക്കൂറോ അര ദിവസമോയാണ് എടുക്കുകയെന്നും മണികണ്ഠൻ പറയുന്നുണ്ട്. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് ഷൂട്ടിങ് സമയത്ത് ലിജോ സാറിന്റെ ടാലന്റ് അറിയാൻ കഴിഞ്ഞിരുന്നില്ല. എന്റെ അഭിനയത്തിൽ ശരിയാക്കുന്ന പരിപാടിയൊക്കെ കുറവായിരുന്നു. പറഞ്ഞു തരും, ഞാനത് ചെയ്യും. വലിയ ടേക്ക് കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡബ്ബിങ്ങിന് പോയപ്പോൾ എനിക്ക് ക്ലാസ് കിട്ടി. ഞാൻ ഒന്നര ദിവസം കൊണ്ട് ഡബ്ബ് ചെയ്തുതീർത്തു.

ഞാൻ പോന്നപ്പോൾ അവര് പറഞ്ഞു സാർ വന്നിട്ട് കറക്ഷൻ ഉണ്ടെങ്കിൽ വിളിക്കാം എന്ന്. പൊതുവേ അസോസിയേറ്റ്, അല്ലെങ്കിൽ ചീഫ് ആയിരിക്കും ഡബ്ബിങ്ങിന് ഇരിക്കുക. ലിജോ സാർ വന്നതിനുശേഷം മണി, ഒരു കറക്ഷൻ ഉണ്ട് വരണം എന്ന് പറഞ്ഞു. കറക്ഷൻ എന്ന് പറഞ്ഞാൽ ഒരു മണിക്കൂർ അല്ലെങ്കിൽ ഹാഫ് ഡേ, അതിനു മേലെ ഒരു കറക്ഷൻ ഉണ്ടാവില്ല.

മൂന്നുദിവസം കഴിഞ്ഞു അത് തീർക്കാൻ. ഒറ്റ ദിവസം കൊണ്ട് തീർത്ത സാധനം കറക്ഷന് പോയിട്ട് മൂന്ന് ദിവസം നീണ്ടു. എന്റെ മറ്റ് സിനിമകളിൽ നിന്നും വളരെ വ്യത്യസ്ത സൗണ്ട് വാലിബനിൽ ഉണ്ട്. എന്റെ ശബ്ദം മാത്രം കേട്ടാൽ അറിയാം. ഞാൻ തൊണ്ടപൊട്ടി വിളിക്കുന്നതിന് ഓരോന്നിനും ഓരോ അർത്ഥമുണ്ട്. അതങ്ങനെ തന്നെ കൃത്യമായി വാങ്ങിച്ചു. ഞാൻ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് കരഞ്ഞ് ഇറങ്ങിപ്പോയി എന്ന് പറയാം,’ മണികണ്ഠൻ ആചാരി പറഞ്ഞു.

Content Highlight: Manikandan achari  about malaikottai valiban movie’s dubbing