| Thursday, 28th March 2024, 3:18 pm

'നീ മാത്രമേ എന്നെ കെട്ടിപിടിക്കുന്നുള്ളു, ഒന്ന് അടുത്തേക്ക് വാ' എന്ന് ലാലേട്ടൻ പറഞ്ഞു: മണികണ്ഠൻ ആചാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേമികള്‍ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ടായിരുന്നു.

നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ സംവിധാനം ചെയ്ത സിനിമയായത് കൊണ്ട് വാലിബന് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്. എന്നാല്‍ തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിൽ മണികണ്ഠനും അഭിനയിച്ചിരുന്നു.

മോഹൻലാലിന്റെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് താരം. വാലിബൻ രക്ഷിച്ചു കൊണ്ടു പോകുന്ന അടിമകളിൽ ഒരാളാണ് താൻ സിനിമയിലെന്നും എന്നാൽ മോഹൻലാലിനെ കെട്ടിപിടിക്കുന്ന സീൻ ഉണ്ടായിരുന്നെന്നും മണികണ്ഠൻ പറയുന്നുണ്ട്.

മോഹൻലാലിനെ കെട്ടിപ്പിടിക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും മണികണ്ഠൻ പറയുന്നുണ്ട്. ആ സീൻ എടുക്കുമ്പോൾ ടെക്നിക്കൽ പ്രശ്നം കൊണ്ട് റീ ടേക് പോയപ്പോൾ സിനിമയിൽ ആകെ താൻ മാത്രമേ കെട്ടിപ്പിടിക്കുന്നുള്ളൂ എന്നും അടുത്ത് വന്ന് അറിഞ്ഞു പിടിക്കാൻ മോഹൻലാൽ പറഞ്ഞെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ അതിനകത്ത് കല്ലടി എന്നൊരു ക്യാരക്ടറാണ് ചെയ്തത്. വാലിബൻ വന്നിട്ട് രക്ഷിച്ചു കൊണ്ടു പോകുന്ന അടിമകളിൽ ഒരാളാണ്. അതിൽ വാലിബനെ കെട്ടിപ്പിടിക്കുന്ന ഒരു സീൻ ഉണ്ട്. സിനിമയ്ക്ക് വേണ്ടിയാണെങ്കിലും അങ്ങനെയൊരു സാധനം കിട്ടിയത് ഭയങ്കര സന്തോഷമുണ്ട്. ലാലേട്ടനെ കെട്ടിപ്പിടിക്കാൻ പറ്റുക എന്ന് പറഞ്ഞാൽ വലിയ സന്തോഷമായിരുന്നു.

കൂടെ അഭിനയിക്കുമ്പോൾ പേടിയൊന്നും തന്നില്ല. അദ്ദേഹത്തിന്റെ അടുത്ത് അഭിനയിക്കാൻ പോകുന്നതിന് മുൻപ് സൂക്ഷിക്കണം എന്നൊക്കെയുള്ള കാര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ ആദ്യത്തെ ഷോട്ട് ടെക്നിക്കൽ പ്രശ്നം കൊണ്ട് ഒന്നും കൂടെ പോകാമെന്ന് പറഞ്ഞു. ‘എന്നെ സിനിമയിൽ ആകെ നീ മാത്രമേ കെട്ടിപ്പിടിക്കുന്നുള്ളൂ, ഒന്ന് അറിഞ്ഞു പിടിക്ക്. ഒന്ന് അടുത്തേക്ക് വാ’ എന്ന് ലാലേട്ടൻ പറഞ്ഞു. പിന്നെ നമുക്ക് ഒന്നും നോക്കാനില്ലല്ലോ? അത് നല്ലൊരു കഥാപാത്രമായിരുന്നു. നല്ല എക്സ്പീരിയൻസ് ആയിരുന്നു,’മണികണ്ഠൻ പറഞ്ഞു.

Content Highlight: Manikandan achari about combination scene with mohanlal

We use cookies to give you the best possible experience. Learn more