| Thursday, 28th March 2024, 4:19 pm

മമ്മൂക്കയ്ക്ക് ഇടയ്ക്ക് മെസേജ് അയച്ചാൽ ഒരു കൂപ്പുകൈ അല്ലെങ്കിൽ ഹായ് എന്നൊക്കെയാവും മറുപടി: മണികണ്ഠൻ ആചാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭ്രമയുഗം ചെയ്തപ്പോൾ മമ്മൂട്ടിയെ നേരിട്ട് കണ്ടിരുന്നില്ലെന്ന് മണികണ്ഠൻ ആചാരി. എന്നാൽ പത്രസമ്മേളത്തിൽ വെച്ച് മമ്മൂട്ടിയെ കണ്ടിരുന്നെന്നും തോളത്ത് രണ്ട് തട്ട് തട്ടിയെന്നും മണികണ്ഠൻ പറഞ്ഞു. മമ്മൂക്കയ്ക്ക് ഇടയ്ക്ക് മെസേജ് അയക്കുമ്പോൾ കൂപ്പുകൈ അല്ലെങ്കിൽ ഹായ് എന്നൊക്കെ മറുപടി അയക്കുമെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. സുഖമാണോ എന്ന് ചോദിക്കുമെന്നും ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ മണികണ്ഠൻ പറഞ്ഞു.

‘ആക്ടർ എന്ന രീതിയിൽ മനയിൽ കയറാത്തതിൽ വിഷമമുണ്ട്. ഇതിന്റെ പത്രസമ്മേളനത്തിൽ വെച്ച് അദ്ദേഹത്തെ കണ്ടു. തോളത്ത് വന്നിട്ട് രണ്ട് അടിയൊക്കെ അടിച്ചു. കൂടുതൽ സംസാരം ഒന്നുമില്ല. ഇടയ്ക്ക് മെസേജ് അയച്ചാൽ ഒരു കൂപ്പുകൈ, അല്ലെങ്കിൽ ഹായ് എന്തെങ്കിലുമൊക്കെ പറയും. സുഖമാണോ എന്നൊക്കെ ചോദിക്കും,’ മണികണ്ഠൻ ആചാരി പറഞ്ഞു.

ഭ്രമയുഗത്തിൽ അമാൽഡയുമൊത്തുള്ള സീൻ ചെയ്തപ്പോഴുള്ള അനുഭവവും മണികണ്ഠൻ അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. ‘എന്റെ കോ-ആക്ടർ അമാൽഡ ആയിരുന്നു. ഞാനും അമാൽഡയുമായിട്ട് കമ്മട്ടിപ്പാടം മുതൽ പരിചയമുണ്ടല്ലോ. എന്റെ റോസമ്മയാണല്ലോ. എനിക്ക് സിനിമയിൽ രണ്ടാമത്തെ മരണവും സമ്മാനിച്ചു. ഒരു ഫേസ്ബുക്കിൽ കമന്റിൽ ഒരാൾ പറഞ്ഞതാണ് ‘ ഈ പെണ്ണുമ്പിള്ള ചേട്ടന്റെ പിറകിൽ നടന്ന് കൊല്ലുകയാണല്ലോ’ എന്ന്.

കമ്മട്ടിപ്പാടത്തിൽ ബാലൻ ചേട്ടനെ കൊല്ലുന്നതിൽ പുള്ളിക്കാരിയുടെ ഒരു കൈ ഉണ്ടല്ലോ. അമാൽഡ എന്റെ നല്ല സുഹൃത്താണ്. അത് ഈ സിനിമയിൽ ഗുണം ചെയ്തിട്ടുണ്ട്. അത്തരം സീനുകൾ ചെയ്യുമ്പോൾ മറുവശത്ത് നിൽക്കുന്ന ആൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ പ്രശനമാണ്.

മുടി മാത്രമായിരുന്നല്ലോ യക്ഷിക്ക് ഉണ്ടായിരുന്നത്. അപ്പോൾ അവിടെ നോക്കരുത്, ഇവിടെ നോക്കരുത് എന്നൊക്കെ ചിന്തിച്ചെങ്കിൽ പ്രശ്നമാവും. അമാൽഡ അങ്ങനെ കോൺഷ്യസ് ആവുകയൊന്നും ചെയ്തിട്ടില്ല. അമാൽഡയുടെ ഭാഗത്തുനിന്നും ഒരു ഡിമാൻഡ് ഉണ്ടായിട്ടില്ല. അവൾക്ക് എന്നിൽ ഒരു വിശ്വാസമുണ്ട്.

ഞങ്ങൾ അഭിനേതാക്കൾ എന്താണെന്ന് തമ്മിൽ അറിയാം. അമാൽഡ എന്ന നടിയുടെ സഹകരണവും കഴിവും എത്രമാത്രം ഉണ്ടാകും എന്ന് എനിക്കും അറിയാം, എന്നെക്കുറിച്ച് അമാൽഡക്കും അറിയാവുന്നത് കൊണ്ട് ആ സീൻ വളരെ അടിപൊളി ആയിട്ട് ചെയ്യാൻ പറ്റി,’ മണികണ്ഠൻ ആചാരി പറയുന്നു.

Content Highlight: Manikandan about mammootty’s message reply

We use cookies to give you the best possible experience. Learn more