| Monday, 18th March 2024, 1:05 pm

അഞ്ചു പേരുള്ള സിനിമ എന്ന് കേട്ടപ്പോൾ അത്ഭുതമായിരുന്നു: മണികണ്ഠൻ ആചാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്ത കഥാപാത്രങ്ങൾ പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ 2024ലെ പൊൻതൂവലായിരുന്നു രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ മികച്ച സിനിമകളിലൊന്നാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ സിനിമ കൂടിയാണിത്. പതിനേഴാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടക്കുന്ന കഥയാണ് സിനിമയുടേത്. ആദ്യദിനം തൊട്ട് മികച്ച പ്രതികരണം ലഭിച്ച ചിത്രം ബോക്‌സ് ഓഫീസിലും ഗംഭീര പ്രതികരണം നേടി. 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ഈ വര്‍ഷത്തെ രണ്ടാമത്തെ സിനിമയായി ഭ്രമയുഗം മാറി.

മമ്മൂട്ടിക്ക് പുറമെ സിദ്ധാർഥ് ഭരതനും അർജുൻ അശോകനും കളം നിറഞ്ഞാടിയിരുന്നു. മണികണ്ഠന്‍ ആചാരി, അമാല്‍ഡാ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 15 മിനുട്ട് മാത്രം സ്ക്രീൻ സ്‌പേസ് ഉള്ള തന്റെ സീനുകൾ മൂന്ന് ദിവസമെടുത്താണ് ഷൂട്ട് ചെയ്തതെന്ന് പറയുകയാണ് മണികണ്ഠൻ.

അഞ്ചു പേരുള്ള സിനിമ എന്ന് കേട്ടപ്പോൾ അത്ഭുതം ആയിരുന്നോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മണികണ്ഠന്റെ മറുപടി. തന്റെ പുതിയ ചിത്രമായ അഞ്ചക്കള്ളക്കോക്കാന്റെ വിശേഷങ്ങൾ കൗമുദി മൂവിസിനോട് പങ്കുവെക്കുകയായിരുന്നു താരം.

‘അഞ്ചു പേരുള്ള സിനിമ എന്ന് കേട്ടപ്പോൾ അത്ഭുതം ആയിരുന്നു. എങ്ങനെ ചെയ്യാൻ പോകുന്നു എന്നൊരു ആശ്ചര്യം ഉണ്ടായിരുന്നു. ആ സിനിമ കാണുന്നത് വരെ അത്ഭുതമായിരുന്നു. എന്റെ സീനൊരു മൂന്ന് നാല് ദിവസം കൊണ്ടാണ് എടുത്തത്. 15 മിനുട്ട് അല്ലെങ്കിൽ 20 മിനുട്ട് മാത്രം സ്ക്രീനിൽ വരുന്ന സീൻ അത്രയും വെയിറ്റ് ചെയ്ത് അത്രയും ടൈം എടുത്തിട്ടാണ് ചെയ്തിട്ടുള്ളത്.

അതിന്റെ ലൈറ്റ് കട്ട് ചെയ്ത്, ടെക്നിക്കലി ഒരുപാട് പണി എടുത്തിട്ടാണ് ചെയ്തത്. കാട്ടിൽ ആണല്ലോ? കാറ്റു നോക്കണം, ലൈറ്റ് നോക്കണം. പുകയിട്ടു കഴിഞ്ഞാൽ അത് അവിടെ നിൽക്കണം. കുറെ നേരം വെയിറ്റ് ചെയ്യേണ്ടിവരും ആർട്ടിന്റെ ആൾക്കാരൊക്കെ ഒരുപാട് പണിയെടുത്തിട്ടുണ്ട്,’ മണികണ്ഠൻ പറഞ്ഞു.

Content Highlight: Manikandan about bramayugam and his role

We use cookies to give you the best possible experience. Learn more