| Wednesday, 16th August 2017, 7:14 pm

'അന്ന് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവര്‍ ഇന്ന് രാജ്യത്തിന്റെ അടിവേര് മാന്തുന്നു'; ദൂരദര്‍ശനും ആകാശവാണിയും സംപ്രേഷണം ചെയ്യാതിരുന്ന മണിക് സര്‍ക്കാരിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ പ്രസംഗത്തിന് ആകാശവാണിയും ദൂരദര്‍ശനും അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാറ്റിയാല്‍ സംപ്രേഷണം ചെയ്യാമെന്ന് ആകാശവാണി അറിയിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തില്‍ തിരുത്തു വരുത്താന്‍ മണിക് സര്‍ക്കാര്‍ തയ്യാറാകാതിരുന്നതോടെ ദൂരദര്‍ശനും ആകാശവാണിയും പ്രസംഗം സംപ്രേഷണം ചെയ്തില്ല.

മണിക് സര്‍ക്കാരിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:
ത്രിപുരയിലെ പ്രിയപ്പെട്ട ജനങ്ങളെ,

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍ അറിയിച്ചുകൊള്ളുന്നു. സ്വാതന്ത്രസമരപോരാട്ടത്തിലെ രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാന്‍ പ്രണാമമര്‍പ്പിക്കുന്നു. ഇന്നും നമ്മോടൊപ്പം ജീവിക്കുന്ന സ്വാതന്ത്ര്യ സമരപോരാളികള്‍ക്കും എന്റെ ആദരം.

സ്വാതന്ത്ര്യദിനാഘോഷമെന്നത് വെറുമൊരു ഔപചാരികതയ്ക്ക് വേണ്ടിയുള്ള ചടങ്ങല്ല. ചരിത്രപരമായ ഒട്ടേറെ മൂല്യങ്ങളും അതിശക്തമായ വൈകാരിക അടുപ്പവും ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന സന്ദര്‍ഭം കൂടിയാണ്. ഒപ്പം പൊതുവായ ഒരു ആത്മപരിശോധനയ്ക്കുള്ള സന്ദര്‍ഭം കൂടിയാണ്.

സമകാലീനമായ പ്രധാനസംഭവങ്ങളാല്‍ കുറച്ച് കൂടുതല്‍ പ്രസക്തിയോടെയാണ് ഇത്തവണത്തെ സ്വാതന്ത്രദിനം നമുക്ക് മുന്നില്‍ വന്നിരിക്കുന്നത്.

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ പാരമ്പര്യം. രാജ്യത്തെ പൗരന്‍മാരെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ മതേതരത്വത്തിന്റെ മഹത്തരമായ മൂല്യങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാല്‍ ഇന്ന് മതേതരത്വത്തിന്റെ ആത്മാശം ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നു.


Also Read: ത്രിപുരയില്‍ നിന്നൊരു ചുവപ്പന്‍ പോരാളി


നമ്മുടെ ദേശീയബോധത്തിനുമേല്‍ കടന്നുകയറി ജാതിയുടെയും മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും പശുസംരക്ഷണത്തിന്റെയും പേരില്‍ രാജ്യത്തെ വിഭജിക്കാനും അനഭിലഷണീയമായ സങ്കീര്‍ണ്ണത സൃഷ്ടിക്കാനും കുത്സിതമായ ശ്രമങ്ങളും ഗൂഢാലോചനയും നടക്കുന്നു. ഇക്കാരണത്താല്‍ ന്യൂനപക്ഷങ്ങളും ദളിതരും നിരന്തരം ആക്രമിക്കപ്പെടുന്നു. അവരുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു. അവരുടെ ജീവിതം ദുരിതത്തിലാണ്. ഇത്തരം അവിശുദ്ധമായ പ്രവണത അനുവദിച്ചുകൊടുക്കാന്‍ കഴിയുന്നതല്ല. ഇത്തരം ശ്രമങ്ങള്‍ നമ്മുടെ സ്വാതന്ത്രസമരത്തിന്റെ ലക്ഷ്യങ്ങളെയും ആദര്‍ശങ്ങളെയും സ്വപ്‌നങ്ങളെയും നശിപ്പിക്കും. ഇന്ത്യന്‍ സ്വാതന്ത്രസമരത്തെ ഒറ്റുകൊടുത്തവരും സ്വാതന്ത്രസമരത്തില്‍ പങ്കെടുക്കാതെ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരും ഇന്ന് സ്വയം പരിഷ്‌കരിച്ച് പുതിയ പേരിലും വര്‍ണത്തിലും രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും അടിവേര് മാന്തിക്കൊണ്ടിരിക്കുകയാണ്. രാജ്യസ്‌നേഹികളായ എല്ലാവരും ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങളെയും ഗൂഢാലോചനയെയും ചെറുത്തുതോല്‍പ്പിക്കുമെന്ന് ഇന്ന് പ്രതിജ്ഞയെടുക്കണം. ദളിതരുടെയും ന്യുനപക്ഷങ്ങളുടെയും സംരക്ഷണത്തിനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി നമ്മള്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇന്ന് കൂടിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്തെല്ലാം ഇന്നും വളരെ കുറച്ചുപേരുടെ കൈകളിലാണ്. മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഇന്നും ദരിദ്രരാണ്. മനുഷ്യത്വരഹിതമായ ചൂഷണത്തിന്റെ ഇരകളാണിവര്‍. ഭക്ഷണവും, വസ്ത്രവും, താമസസൗകര്യവും, ആരോഗ്യപരിപാലനവും വിദ്യാഭ്യാസവും മെച്ചപ്പെട്ട ജോലിയും ഇപ്പോഴും ഇവര്‍ക്ക് അന്യമാണ്. ഇത് നമ്മുടെ സ്വാതന്ത്രസമരത്തിന്റെ ലക്ഷ്യങ്ങളുടെ നേര്‍ വിപരീതമാണ്. നമ്മുടെ ദേശീയ നയത്തിന് ഇതിന് വ്യക്തമായ പങ്കുണ്ട്. അത്തരം ജനവിരുദ്ധമായ നയങ്ങള്‍ തിരുത്തേണ്ടതുണ്ട്. ഇത് വെറുതെ പറഞ്ഞതുകൊണ്ട് കാര്യമില്ല. ദരിദ്രരേയും കഷ്ടത അനുഭവിക്കുന്നവരേയും കൈപിടിച്ചുയര്‍ത്തി സധൈര്യം പ്രതിഷേധിക്കുകയും ലക്ഷ്യത്തിനുവേണ്ടി അവിരാമം പ്രയത്‌നിക്കുകയും വേണം. ഭൂരിപക്ഷം വരുന്ന പൗരന്‍മാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നയങ്ങളില്‍ മാറ്റം വരുത്തണം. സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹ്യമായും ഒരു വിശാലമായ പാത തുറന്നുകിട്ടണമെങ്കില്‍ ദരിദ്രരായ ഇന്ത്യക്കാര്‍ ഒന്നിച്ച് പ്രതിജ്ഞയെടുത്ത് മുന്നോട്ട് വന്നാലേ ഈ മാറ്റം സൃഷ്ടിക്കാന്‍ കഴിയൂ.


Also Read: അമ്പലം പണിയാനായി സ്വന്തം വീട് വിട്ടുനല്‍കി യു.പിയിലെ മുസ്‌ലീം വയോധികന്‍; വീഡിയോ കാണാം


വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ രാജ്യത്തിന്റെ ആത്മാവിനെ നിരാശപ്പെടുത്തുന്നതാണ്. ഒരിടത്ത് ലക്ഷക്കണക്കിനുപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ മറ്റൊരിടത്ത് കോടിക്കണക്കിനു യുവാക്കള്‍ ഇല്ലാത്ത തൊഴില്‍ കാത്തുകിടക്കുന്നു. വളരെ ന്യൂനപക്ഷമായ കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന, സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ദേശീയ സാമ്പത്തികനയം മാറ്റാതെ ഈ ഭീകരമായ പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമല്ല. അതിനാല്‍ ഈ വിനാശകരമായ നയം മാറ്റാന്‍ നിരന്തരം കൂട്ടായ മുന്നേറ്റമുണ്ടാക്കുമെന്ന് വിദ്യാര്‍ത്ഥികളും,യുവാക്കളും,തൊഴിലാളികളും പ്രതിജ്ഞ ചെയ്യണം.

കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധനയങ്ങളുടെ വെളിച്ചത്തില്‍ ത്രിപുര സര്‍ക്കാര്‍ അതിനെതിരായി അവരുടെ നയങ്ങളെ പിന്തുടരാതെ, അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. വളരെ വ്യത്യസ്തമായ പാതയാണിത്. ത്രിപുരയിലെ ജനങ്ങളെ ആകര്‍ഷിക്കുക എന്നതല്ല, രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവനെ മുഖ്യധാരയിലെത്തിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ത്രിപുരയിലെ പിന്തിരിപ്പന്‍ ശക്തികള്‍ ഇതിനനുവദിക്കില്ല. അതിനാല്‍ സംസ്ഥാനത്തിന്റെ സമാധാനവും സാഹോദര്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശത്രുക്കള്‍ ഗൂഢാലോചനയുമായി തക്കം പാര്‍ത്തിരിക്കുകയാണ്. വികസനപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. ഇത്തരം പിന്തിരിപ്പന്‍ ശക്തികളെയും അവിശുദ്ധ കൂട്ടുകെട്ടുകളെയും ചെറുത്ത് തോല്‍പ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ത്രിപുരയിലെ സമാധാനമാഗ്രഹിക്കുന്നവരും വികസനകുതുകികളും ശരിയായി ചിന്തിക്കുന്നവരുമായ ജനങ്ങള്‍ ഐക്യത്തോടെ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുമെന്ന് ഈ സ്വാതന്ത്ര്യദിനത്തില്‍ പ്രതിജ്ഞ ചെയ്യണം.

We use cookies to give you the best possible experience. Learn more