ത്രിപുര വിട്ടെങ്ങും പോവില്ല; പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കും; മണിക് സര്‍ക്കാര്‍
National Politics
ത്രിപുര വിട്ടെങ്ങും പോവില്ല; പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കും; മണിക് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th March 2018, 4:38 pm

അഗര്‍ത്തല: പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തുടരുമെന്ന് മണിക് സര്‍ക്കാര്‍. നീണ്ട 25 കൊല്ലത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിനു ശേഷം പടിയിറങ്ങുന്ന മണിക് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ഫലം വിശദമായി പഠിച്ചശേഷം തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്കുവേണ്ടിയായിരിക്കും. ത്രിപുരയിലെ പാവപ്പെട്ടവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണയും നല്‍കും. അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കും”, ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സര്‍ക്കാര്‍ പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമത്വത്തെക്കുറിച്ചുയര്‍ന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച അദ്ദേഹം എന്നാല്‍ ബിജെപി പണമുപയോഗിച്ച് ആളുകളെ സ്വാധീനിച്ചെന്നും കായികശക്തിയുപയോഗിച്ചാണു തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം മണിക് സര്‍ക്കാര്‍ കേരളത്തിലോ പശ്ചിമ ബംഗാളിലോ ബംഗ്ലാദേശിലോ അഭയം തേടണമെന്നാണ് ബി.ജെ.പി നേതാവ് ഹിമന്ത് ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. തിപുര മുഖ്യമന്ത്രിയെ ബംഗ്ലാദേശില്‍ അയയ്ക്കും എന്ന് നേരത്തേ തെരഞ്ഞെടുപ്പിന് മുന്‍പ് ഇദ്ദേഹം പരസ്യമായി പ്രസംഗിച്ചിരുന്നു. ധന്‍പൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഹിമന്ത് ഇക്കാര്യം പറഞ്ഞിരുന്നത്.

“മണിക് സര്‍ക്കാരിന് ഇനി വെറും മൂന്ന് വഴികള്‍ മാത്രമേയുള്ളൂ. ഒന്നുകില്‍ ചെറിയ രീതിയിലെങ്കിലും സി.പി.ഐ.എമ്മിന് സാന്നിധ്യമുള്ള പശ്ചിമ ബംഗാളിലേക്ക് പോവാം. കേരളത്തില്‍ സി.പി.ഐ.എം ഇപ്പോഴും ഭരണത്തിലുണ്ട്. ഇനി മൂന്ന് വര്‍ഷം കൂടിയേ ആ ഭരണമുണ്ടാവൂ. അതിനാല്‍ വേണമെങ്കില്‍ കേരളത്തിലേക്ക് പോവാം. ഇതൊന്നുമല്ലെങ്കില്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പോവം.” -ഹിമന്ത് ബിശ്വ ശര്‍മ്മ പറഞ്ഞത്.

60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് 43 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നേടാനായിരുന്നു. സിപിഎമ്മിന് 16 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.