മണിക് സര്‍ക്കാരിന് നേരെ ബി.ജെ.പി ആക്രമണം
national news
മണിക് സര്‍ക്കാരിന് നേരെ ബി.ജെ.പി ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th November 2018, 8:13 am

അഗര്‍ത്തല : സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരിന് നേരെ ബി.ജെ.പി ആക്രമണം. രസ്തര്‍ മാഥയിലെ പാര്‍ടി ഓഫീസില്‍ അദ്ദേഹത്തെയും പാര്‍ട്ടി നേതാക്കളേയും മണിക്കൂറുകളോളം അക്രമികള്‍ തടഞ്ഞുവച്ചു. ഒടുവില്‍ പൊലീസെത്തിയാണ് മണിക്ക് സര്‍ക്കാരിന് അഗര്‍ത്തലയിലേക്ക് പോകാന്‍ സുരക്ഷയൊരുക്കിയത്.

ഒക്ടോബര്‍ വിപ്ലവ അനുസ്മരണ പരിപാടിയില്‍ സംസാരിച്ച് മടങ്ങവേയാണ് അദ്ദേഹത്തെ ബി.ജെ.പി സംഘം ആക്രമിച്ചത്. അക്രമികള്‍ വാഹനങ്ങളും അടിച്ചുതകര്‍ത്തിട്ടുണ്ട്.

ALSO READ: ജി.സുധാകരന്റെ ഭാര്യയുടെ നിയമനം; വിവാദത്തിലായ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ രാജിവെച്ചു

ബിഷല്‍ഗഡിലെ യോഗം കഴിഞ്ഞ് അഗര്‍ത്തലയിലേക്ക് തിരിച്ചു പോകുകയായിരുന്ന മണിക് സര്‍ക്കാരിനൊപ്പം മുതിര്‍ന്ന സി.പി.ഐ.എം നേതാക്കളും മുന്‍മന്ത്രിമാരുമായ ഭാനുലാല്‍ സാഹ, സഹിദ് ചൗധരി, എം.എല്‍.എമാരായ ശ്യാമള്‍ ചക്രവര്‍ത്തി, നാരായണ്‍ ചൗധരി എന്നിവരും ഉണ്ടായിരുന്നു. മണിക് സര്‍ക്കാരിന് സുരക്ഷാ കവചമൊരുക്കിയ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഒക്ടോബര്‍ വിപ്ലവ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷകനായെത്തിയ മണിക് സര്‍ക്കാരിന്റെ പ്രസംഗം കേള്‍ക്കാനെത്തിയവരെ പിന്തിരിപ്പിക്കാന്‍ പ്രസംഗ വേദിക്ക് പുറത്ത് തമ്പടിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം വിജയിക്കാതെ വന്നതോടെയാണ് പരിപാടി കഴിഞ്ഞശേഷം അക്രമം അഴിച്ചുവിട്ടതെന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികളും അക്രമത്തെ അപലപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതിര്‍ന്ന സി.പി.ഐ.എം നേതാവും സൗത്ത് ത്രിപുര ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഹിമാന്‍ഷു റോയിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 28 പേര്‍ക്ക് പരിക്കേറ്റിരുന്നു.