ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് പേടിയാണെന്ന് കോണ്‍ഗ്രസ് എം.പി മണിക്കം ടാഗോര്‍. രാജ്യത്ത് ക്രമാതീതമായി ഉയരുന്ന പാചകവാതക വിലയും ഇന്ധനവിലയും ചര്‍ച്ച ചെയ്യാന്‍ ദിവസങ്ങളായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും എന്നാല്‍ അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചര്‍ച്ച മാത്രമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും അതിന് സര്‍ക്കാരിന് ഭയമാണെന്നും ടാഗോര്‍ പറഞ്ഞു.
‘കഴിഞ്ഞ ആറ് ദിവസമായി ഞങ്ങള്‍ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. ഇന്ധന വില വര്‍ധനയും ജി.എസ്.ടി നിരക്ക് വര്‍ധനയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ എല്ലാ ദിവസവും അഡ്സ്മെന്റ് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് (തിങ്കള്‍) ആറാം ദിവസമാണ്.
ഇന്നും ഞങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചര്‍ച്ച മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് ഭയമാണ്.
ഞങ്ങളെ സസ്പെന്‍ഡ് ചെയ്ത് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇതുകൊണ്ടൊന്നും ഞങ്ങള്‍ ഭയപ്പെടില്ല,’ മണിക്കം ടാഗോര്‍ പറഞ്ഞു.
കൊവിഡില്‍ നിന്ന് രാജ്യം കരകയറിയ ശേഷം വിഷയത്തില്‍ ചര്‍ച്ച നടത്താമെന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദം. എന്നാല്‍ ഇതുവരെ അതിനുവേണ്ടിയുള്ള നടപടികളൊന്നും അവര്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ചര്‍ച്ചയ്ക്കുള്ള തീയതിയും സമയവും അവര്‍ നല്‍കിയിട്ടുണ്ടോ? അവര്‍ സമയവും തീയതിയും വ്യക്തമാക്കുന്നില്ല. ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മാത്രമാണ് അവര്‍ പറയുന്നത്.
ധനമന്ത്രി നിര്‍മല സീതാരാമന്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയ ശേഷം ചര്‍ച്ച നടത്താമെന്നാണ് പറയുന്നത്. ഇന്ധനവില വര്‍ധന സംബന്ധിച്ച ചര്‍ച്ചയ്ക്ക് ധനമന്ത്രിയുടെ സാന്നിധ്യം ആവശ്യമില്ല,’ അദ്ദേഹം പറഞ്ഞു.
ഇതിന് ബദലറിയണമെങ്കില്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയതിനും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിനും മണിക്കം ടാഗോര്‍ ഉള്‍പ്പെടെ അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ സമ്മേളനം സംപ്രേക്ഷണം ചെയ്ത സന്‍സദ് ടി.വി കാണിച്ചിരുന്നില്ല. ജനങ്ങളിലേക്ക് തങ്ങള്‍ പ്രതിഷേധിക്കുന്നുണ്ട് എന്ന വിവരം എത്തിക്കേണ്ടതുണ്ടെന്നും അതിന് സാധിക്കാതിരുന്നതിനാല്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും ടാഗോര്‍ പറഞ്ഞു.
‘കൊവിഡ് പ്രോട്ടോക്കോളുകള്‍ ചൂണ്ടിക്കാട്ടി മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും പാര്‍ലമെന്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല. മൂന്നാം തരംഗം കുറഞ്ഞിട്ടുപോലും പാര്‍ലമെന്റില്‍ ഇപ്പോഴും കൊവിഡ് പ്രോട്ടോക്കോളുകള്‍ നിലനില്‍ക്കുണ്ട്.
രണ്ടാമതായി, സന്‍സദ് ടിവി പ്രതിപക്ഷ പ്രതിഷേധം കാണിച്ചിരുന്നില്ല. ഞങ്ങള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് അവര്‍ കാണിക്കുന്നില്ല, ക്യാമറകള്‍ പ്രതിപക്ഷ ബെഞ്ചുകളിലേക്ക് തിരിയുന്നില്ല.
ഞങ്ങള്‍ പ്രതിഷേധിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നുവെന്ന് പൊതുജനങ്ങളോട് പറയേണ്ടതുണ്ട്.. അതിനാല്‍ പ്ലക്കാര്‍ഡുകള്‍ കാണിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. കാരണം നമ്മള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് ലോകത്തിന് അറിയില്ല. ഞങ്ങളുടെ നേതാവിന് സഭയില്‍ സംസാരിക്കാന്‍ അവര്‍ അവസരം നല്‍കുന്നുണ്ടായിരുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നതെന്നും അതിനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Manickam tagore says that the opposition is only asking for a discussion in the price and govet is afraid of that