സുമയ്യ ഹിദായത്
മണിച്ചിത്രത്താഴെന്ന സിനിമ എത്രതവണ കണ്ടു എന്ന് തന്നെ നിശ്ചയമില്ല. കാണുംതോറും അത്ഭുതമായിത്തന്നെ തോന്നാറുമുണ്ട്.
“ഇന്നത്തെ കാലത്ത് ” ഒരു സ്ത്രീയില്‍ കാണേണ്ട പ്രതികരണ-പ്രതികാര ശേഷിയാണ് നമുക്ക് മുന്നില്‍ 25 വര്‍ഷങ്ങള്‍ക്ക് മുന്നേ അവതരിപ്പിച്ചത്. മലയാളികളുടെ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന വിസ്മയം.
ഗംഗയിലെ മനോരോഗിയുടെ രൂപപ്പെടലാണ് “വരുവാനില്ലാരുമീ..”എന്ന ഗാനത്തില്ലൂടെ വ്യക്തമാകുന്നത് അതിലൂടെ സിനിമയിലേക്കൊരു എത്തിനോട്ടം..
സ്‌നേഹം അനുഭവിക്കേണ്ട സമയത്തു അത് അനുഭവിക്കാന്‍ കഴിയാതെ പോയ കഥാപാത്രമാണ് ഗംഗ.
ചെറുപ്പത്തില്‍ തന്നെ തന്റെ മാതാപിതാക്കളില്‍ നിന്നകന്നു കഴിയേണ്ടി വന്ന ഗംഗയ്ക്ക് കൂട്ടെന്നു പറയാന്‍ മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളു ആ പഴയ തറവാട്ടില്‍ ഒറ്റപ്പെട്ടുപോയ ഗംഗ പതിയെ അതിനോട് പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു.
ഗ്രാമീണ പെണ്‍കുട്ടിയില്‍ നിന്നുമവള്‍ നഗരത്തിന്റെ പുത്രിയായി മാറിയെങ്കിലും ചെറുപ്പത്തില്‍ കണ്ടും കേട്ടും പഴകിയ പുള്ളുവന്‍ പാട്ടും കഥകളുമെല്ലാം ഗംഗയില്‍ ഉറങ്ങികിടന്നിരുന്നു.
ആരുടെയൊക്കെയോ വരവും കാത്തിരിക്കുന്നെന്ന വരികളില്‍ നിന്നും തന്റെ അച്ഛനെയും അമ്മയെയും കാത്തിരിക്കുന്ന കൊച്ചു ഗംഗയെയാണ് കാണാന്‍ കഴിയുക. അതിനപ്പുറം വളര്‍ന്നപ്പോള്‍ ഗംഗയ്ക്ക് നഷ്ടപ്രണയം ഉണ്ടായിരുന്നിരിക്കമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
മാതാപിതാക്കളുടെ ഉദ്യോഗത്തിന്റെ പേരില്‍ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്ന ഗംഗയ്ക്ക് ഭര്‍ത്താവിന്റെ ഉദ്യോഗം കൊണ്ടും ഇതേ ഒറ്റപ്പെടല്‍ ഉണ്ടായിരുന്നിരിക്കണം. പുറമെ പ്രകടിപ്പിച്ചില്ലെങ്കിലും.. നാഗവല്ലിയോടുള്ള തന്മയീഭാവം നകുലനെ തന്റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ഗംഗയെ പ്രേരിപ്പിച്ചിരിക്കണം.
നകുലനെ ഒഴിവാക്കുന്നതോടൊപ്പം “ഉത്തമഭാര്യയെന്ന ലേബല്‍” കാത്തുസൂക്ഷിക്കുകയും വേണം. ആരും വരില്ല എന്നറിയാമായിരുന്നിട്ടും ആരെയൊക്കെയോ പ്രതീക്ഷിച്ചിരിക്കുക, എന്നതിനപ്പുറം “സ്‌നേഹം” പ്രതീക്ഷിച്ചിരിക്കുകയാകണം ഗംഗ.
കാലം തന്നില്‍ നിന്നും വേര്‍പെടുത്തിയതെല്ലാം തനിക്കു തിരികെ നല്‍കണമെന്നും, പിന്നീട് ഒരിക്കലുമതു നഷ്ടപ്പെടരുതെന്നും അവള്‍ക്കു നിര്‍ബന്ധമുണ്ട് താനും.
നാഗവല്ലിയുടെ നഷ്ടങ്ങളോര്‍ത്ത് വേദനിച്ച നിമിഷം ഗംഗയിലെ “സ്ത്രീ” ഉണര്‍ന്നിരിക്കണം.! “ദുര്‍ഗ”യായി മാറിയിരിന്നിരിക്കണം.! നാഗവല്ലിക്കു നഷ്ടപെട്ടതന്റെ പ്രിയനെ തിരികെ “നേടിക്കൊടുക്കാന്‍” ശ്രമിക്കുന്നതിനിടയില്‍ സ്വയം നാഗവല്ലിയായി മാറുന്നത് ഗംഗ അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ തനിക്കും നാഗവല്ലിയായി കൂടെയെന്ന ചോദ്യത്തിനുത്തരം നല്‍കുകയായിരുന്നിരിക്കണം സ്വന്തം ജീവിതത്തിലൂടെ.
ഗംഗ പൊതുവെ ശാന്തപ്രകൃതക്കാരിയായിട്ടാണ് ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളതും. സ്‌കൂളിലെ ടോപ്പര്‍ ഗംഗയായിരുന്നെന്നും സണ്ണിയുടെ വെളിപ്പെടുത്തലില്‍ നിന്നും അറിയുന്നുമുണ്ട്. വായനയെ ഏറെ സ്‌നേഹിക്കുന്നുണ്ട് ഗംഗ. പുസ്തകം കയ്യിലെടുത്തിട്ടുള്ള ഗംഗയെയാണ് കൂടുതലായും “വരുവാനില്ലാരുമീ” ഗാനത്തില്‍ എടുത്തുകാട്ടിയിട്ടുള്ളതും.
ഇതില്‍ “കാവൂട്ട്” എന്ന കവിതാപുസ്തകമാണ് ഏറെ പ്രിയപ്പെട്ടതെന്നും അനുമാനിക്കാം. അതെഴുതിയ എഴുത്തുകാരനോടുള്ള (ജ.ങമവമറല്മി) ആരാധന പ്രണയമായി മാറിയിരുന്നിരിക്കാം. !
അദ്ദേഹം അല്ലിയുടെ പ്രതിശ്രുതവരനാണെന്നറിഞ്ഞ ഗംഗ വിരഹം അറിഞ്ഞുതുടങ്ങിയിരിക്കണം.! അദ്ദേഹം തന്റേതല്ലെന്ന് മനസ്സലുറപ്പിക്കാന്‍ ശ്രമിക്കുന്നതിന് വേണ്ടിയാണ് ആ പുസ്തകത്തില്‍ മഹാദേവന്റെ പേരിനൊപ്പം “അല്ലിയുടെ സ്വന്തം” എന്നെഴുതി ചേര്‍ത്തതും.
ഓരോ തവണ പുസ്തകമെടുക്കുമ്പോഴും “അല്ലിയുടെ സ്വന്തം മഹാദേവന്‍” എന്ന് വായിക്കുന്ന വിരഹനായികയായ ഗംഗയില്‍ പ്രതികാരമുണരുന്നു. അല്ലിയെയും നകുലനെയും കൊല്ലാന്‍ ശ്രമിക്കുന്നു. ഇതിനു വേണ്ടി നാഗവല്ലിയുടെ വേഷം അണിഞ്ഞതായിരിക്കാം ഗംഗ.
തന്നെയും കൊണ്ട് കല്‍കത്തയിലേക്ക് പോകാന്‍ അച്ഛനമ്മമാര്‍ വരുന്നെന്നറിഞ്ഞതിന് ശേഷം എന്ത് ചെയ്യുമെന്നോര്‍ത്ത് ഉറക്കമില്ലാതെ അലഞ്ഞു നടന്ന രാത്രികളായിരുന്നു ഗംഗയ്ക്കുണ്ടായിരുന്നതു. പ്രതികാരത്തിന്റെ തീവ്രത അങ്ങേയറ്റത്തെത്തിനില്‍ക്കുന്ന നാഗവല്ലിയും പാതിരാത്രി അലഞ്ഞു നടക്കുക പതിവായിരുന്നത്രെ.
ഗംഗ നാഗവല്ലിയാകുമ്പോള്‍ നകുലന്‍ ക്രൂരനായ കാരണവരാകുന്നു. ഗംഗയുടെ അസുഖത്തെക്കുറിച്ചറിഞ്ഞ നകുലന്‍ ഒരു പൊട്ടിക്കരച്ചിലോടെ സണ്ണിയെ കെട്ടിപ്പിടിക്കുന്നുമുണ്ട്. തന്റെ കരുതലും ശ്രദ്ധയും കുറഞ്ഞു പോയെന്ന് ഒരുപക്ഷെ അദ്ദേഹത്തിനു തോന്നിയിരിക്കണം.
മറുവശത്ത് ചെയ്തുപോയ തെറ്റിനെയോര്‍ത്ത് പൊട്ടിക്കരയുന്ന കാരണവരായും അദ്ദേഹത്തെ സങ്കല്പിക്കാം.
“പ്രിയമുള്ളൊരാളാ രോ വരുവാനുണ്ടെന്നു ഞാന്‍..” എന്ന വരിയോടൊപ്പം ഗംഗയും നകുലനും നടന്നു വരുന്നതോടൊപ്പം ഗംഗ നകുലന്റെ തോളില്‍ ചായുന്നുമുണ്ട്..ഒരുപക്ഷെ ഒരു ചേര്‍ത്തു പിടിക്കല്‍ ഗംഗ ആഗ്രഹിച്ചിരുന്നുവോ?!
തനിക്കുണ്ടാകുന്ന മനോവേദകള്‍/അസ്വസ്ഥതകള്‍ ഗംഗ നകുലനില്‍ നിന്നും മറച്ചു വെയ്ക്കുന്നതായി തോന്നുന്നു. അവര്‍ തമ്മില്‍ നല്ലൊരു ബന്ധമായിരുന്നു എങ്കില്‍ നകുലന്‍ ഗംഗയുടെ അസുഖത്തെക്കുറിച്ച് നേരത്തെ ബോധവാനായിരുന്നേനെ.
തന്റെ ഭാര്യയിലുണ്ടായ മാറ്റം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നാണെങ്കില്‍ ഭര്‍ത്താവ് എന്ന നിലയില്‍ നകുലന്‍ തീര്‍ത്തും പരാജിതനാണ്.!
ഇതുതന്നെയല്ലെ കാരണവര്‍ക്കും സംഭവിച്ചതും. നാഗവല്ലിയെ മനസ്സിലാക്കാതെ അവളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നില്ലേ..
നാഗവല്ലിക്കു സംഭവിച്ചതു തനിക്കും സംഭവിക്കുമോ (നകുലന്‍ തന്നെ വധിക്കുമോ) എന്ന ആശങ്കയായിരുന്നിരി ക്കും ഗംഗയെ രക്തദാഹിയായി മാറ്റിയതും.
വിരഹത്തിലൂടെ പ്രതികാരത്തെ കോര്‍ത്തിണക്കിയുള്ള ഈ അവതരണം എത്ര വര്‍ഷം കഴിഞ്ഞാലും തനിമ നഷ്ടപ്പെടാതെയുണ്ടാകും.
ഇതിലെ എല്ലാ ഗാനങ്ങള്‍ക്കും ജീവനുണ്ട്.
“വരുവാനില്ലാരുമീ” എന്ന ഗാനം മനസ്സിലെ വേദനകളെ തൊട്ടുണര്‍ത്തുന്നു.
മണിച്ചിത്രത്താഴെന്ന സിനിമയും ഗംഗ എന്ന കഥാപാത്രവും അന്നും ഇന്നും എനിക്കേറെ പ്രിയപ്പെട്ടതാണ്.!
ഇഷ്ടപ്പെട്ട കഥാപാത്രമായി (സ്‌കൂള്‍) വേദിയില്‍ അഭിനയിച്ച നിമിഷങ്ങളും അത്രമേല്‍ പ്രിയപ്പെട്ടതാണ്.
അങ്ങകലെ വഴിയിലേക്ക് കണ്ണും നട്ടിരുന്ന ആ കൊച്ചു ഗംഗയെപ്പോലെ ഞാനും കാത്തിരിക്കുന്ന എന്റെ ഹൃദയത്തിന്റെ പഠിപ്പുര വാതില്‍ പകുതിയേ ചാരാറുള്ളു.
നാളെ ജിജോ തങ്കച്ചന്‍ എഴുതുന്ന മണിചിത്രത്താഴിലെ രഹസ്യങ്ങള്‍ ആദ്യ ഭാഗം
” അന്ത ആഹരിയിലെ കീര്‍ത്തനം ഒന്ന് പാടുവീങ്കളാ
മത്സരത്തിലെ മറ്റ് കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഡൂള്‍ ന്യൂസും Manichithrathazhu – മണിച്ചിത്രത്താഴ് ഫേസ്ബുക്ക് പേജും സംയുക്തമായി മണിചിത്രത്താഴിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന മത്സരത്തിലേക്ക് നിങ്ങള്‍ക്കും കുറിപ്പുകള്‍ അയക്കാം ലേഖനങ്ങള്‍ aswin@doolnews.com എന്ന മെയില്‍ ഐഡിയിലേക്കോ മണിചിത്രത്താഴ് പേജിലേക്കോ അയക്കാവുന്നതാണ് തെരഞ്ഞെടുക്കുന്ന ലേഖനങ്ങള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനം