1993ലായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് റിലീസാകുന്നത്. മധു മുട്ടം തിരക്കഥ ഒരുക്കിയ സിനിമ ഇപ്പോള്‍ 31 വര്‍ഷം പിന്നിടുമ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്നും മലയാളത്തിന്റെ ക്ലാസിക് സിനിമകളില്‍ പലരും ആദ്യം പറയുന്ന പേരുകളില്‍ ഒന്നാകും മണിച്ചിത്രത്താഴ്. മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായി കണക്കാക്കപ്പെടുന്ന ചിത്രം കൂടെയാണ് ഇത്.
31 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമ റീ റിലീസ് ചെയ്യുന്നു എന്നത് മലയാളികള്‍ക്ക് വലിയ സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു. ഈയിടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ റീ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 17ന് വീണ്ടും തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന മണിച്ചിത്രത്താഴിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തു വന്നു. ഒരു മിനിറ്റും ഏഴ് സെക്കന്റുകളും ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ഫോര്‍ കെ അറ്റ്മോസില്‍ മണിച്ചിത്രത്താഴ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത് മാറ്റിനി നൗവും സംവിധായകന്‍ ഫാസിലും നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ്. മലയാളികളുടെ പ്രിയ സംവിധായകരായ സിബി മലയില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ എന്നിവരും ആ സിനിമയുടെ ഭാഗമായിരുന്നു. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
ഒപ്പം നെടുമുടി വേണു, ഇന്നസെന്റ്, കെ.പി.എ.സി ലളിത, തിലകന്‍, ശ്രീധര്‍, വിനയ പ്രസാദ്, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ് തുടങ്ങിയ വന്‍താരനിരയായിരുന്നു അണിനിരന്നത്. മണിച്ചിത്രത്താഴ് മലയാളത്തിന് പുറമെ മറ്റ് പല ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടെങ്കിലും മലയാളത്തിന്റെ അത്ര മികച്ചതാകാന്‍ അവക്കൊന്നും സാധിച്ചിരുന്നില്ല. ഇപ്പോള്‍ വന്ന ടീസറിനെ വലിയ കൈയ്യടിയോടെയാണ് സിനിമപ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്.