| Sunday, 17th July 2022, 11:04 am

മാടമ്പള്ളിയിലെ മനോരോഗി എന്ന ഡയലോഗും മണിച്ചിത്രത്താഴിലെ ബി.ജി.എമ്മും വിട്ടുപിടിക്കാൻ തയ്യാറാകാത്ത പത്മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന ഡയലോഗും മ്യൂസിക്കും ഏത് സിനിയമയിലേതാണെന്ന് ചോദിച്ചാൽ ഒരു പക്ഷെ അതിനുള്ള ഉത്തരം മണിച്ചിത്രത്താഴ് എന്നാവും. കാരണം ആ സിനിമയിലെ സംഭാഷണങ്ങളും പാട്ടും ഒരുപാട് സിനിമകളിൽ റിപ്പീറ്റ് ചെയ്ത് വരാറുണ്ട്. അനൂപ് മേനോൻ സംവിധാനവും നിർമാണവും നിർവഹിച്ച പത്മ എന്ന സിനിമയിലും അത് ആവർത്തിക്കപ്പെട്ടിട്ടുണ്ട്.

മാടമ്പള്ളിയിലെ മനോരോഗി എന്ന് തുടങ്ങുന്ന ഡയലോഗ് നിരവധി സിനിമകളിൽ ഉപയോഗിച്ച് കാണാറുണ്ട്. ഇനി സിനിമയിലെ അഭിനേതാക്കൾ ആരെങ്കിലും സൈക്കോളജിസ്റ്റോ സൈക്കാർട്ടിസ്റ്റോ ആണെങ്കിൽ ഈ മണിച്ചിത്രത്താഴ് റഫറൻസ് മസ്റ്റ് ആയിട്ടുള്ള ഒരു കാര്യമാണ്. നിരവധി തവണ ആവർത്തിച്ചുപയോഗിച്ചിട്ടും ഈ റഫറൻസ് വിട്ടുള്ള പരിപാടിക്ക് പല സിനിമക്കാരും തയ്യാറാകാറില്ല.

പത്മയിലും മണിച്ചിത്രത്താഴിലെ മ്യൂസിക്കും സംഭാഷണങ്ങളും വരുന്നുണ്ട്. ചിത്രത്തിൽ അനൂപ് മേനോൻ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ്. രവി ശങ്കർ എന്ന കഥാപാത്രമായാണ് അദ്ദേഹം സിനിമയിലെത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഭാര്യയായ പത്മ എന്ന കഥാപാത്രം സുരഭിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അവരുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന അബ്ദുവും ജോളിയും ( ശ്രുതി രജനികാന്ത് ) തമ്മിലുള്ള സംസാരങ്ങളിലാണ് ഈ റഫറൻസ് കടന്ന് വരുന്നത്.

മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി രവി ശങ്കർ ആണെന്ന് അബ്ദുവും പത്മയാണെന്ന് ജോളിയും ചിത്രത്തിൽ പറയുന്നുണ്ട്. അതിനെ തുടർന്ന് വരുന്ന പല സീനുകളിലും മണിച്ചിത്രത്താഴിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ഉപയോഗിക്കുന്നുണ്ട്.

ഈ ആവർത്തനം പ്രേക്ഷകരെ അലോസരപ്പെടുത്താൻ സാധ്യതയുള്ള ഒന്നാണ്. കാരണം സീനുകളുടെ പുതുമ പലപ്പോഴും ഈ ആവർത്തനം മൂലം നഷ്ടമാകുന്നുണ്ട്.

അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിച്ച പത്മയില്‍ ശങ്കര്‍ രാമകൃഷ്ണന്‍, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ശ്രുതി രജനികാന്ത്, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്. അനൂപ് മേനോന്‍, ഡോക്ടര്‍ സുകേഷ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് സംഗീതം പകരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ്

Content Highlight: Manichithrathazhu reference in Padma movie

We use cookies to give you the best possible experience. Learn more