| Thursday, 11th July 2024, 6:52 pm

മലയാളത്തിന്റെ ക്ലാസിക് ഇനി തിയേറ്ററില്‍ കാണാം; റീ റിലീസ് തീയതി പ്രഖ്യാപിച്ച് മണിച്ചിത്രത്താഴ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1993ലായിരുന്നു മധു മുട്ടം എഴുതി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് റിലീസാകുന്നത്. ഇപ്പോള്‍ 31 വര്‍ഷം പിന്നിടുമ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഇത്. മലയാളത്തിന്റെ ക്ലാസിക് സിനിമകളില്‍ പലരും ആദ്യം പറയുന്ന പേരുകളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്.

മലയാളികളുടെ പ്രിയ സംവിധായകരായ സിബി മലയില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ എന്നിവരും ആ സിനിമയുടെ ഭാഗമായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായി കണക്കാക്കപ്പെടുന്ന ചിത്രം കൂടെയാണ് മണിച്ചിത്രത്താഴ്.

31 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമ റീ റിലീസ് ചെയ്യുന്നു എന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മണിച്ചിത്രത്താഴിന്റെ റീ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍. ഓഗസ്റ്റ് 17നാണ് സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നത്.

ഫോര്‍ കെ അറ്റ്‌മോസില്‍ മണിച്ചിത്രത്താഴ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത് മാറ്റിനി നൗവും സംവിധായകന്‍ ഫാസിലും നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ്. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ഒപ്പം നെടുമുടി വേണു, ഇന്നസെന്റ്, കെ.പി.എ.സി ലളിത, തിലകന്‍, ശ്രീധര്‍, വിനയ പ്രസാദ്, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ് തുടങ്ങിയ വന്‍താരനിരയായിരുന്നു അണിനിരന്നത്. മണിച്ചിത്രത്താഴ് മലയാളത്തിന് പുറമെ മറ്റ് പല ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടെങ്കിലും മലയാളത്തിന്റെ അത്ര മികച്ചതാകാന്‍ അവക്കൊന്നും സാധിച്ചിരുന്നില്ല.

Content Highlight: Manichithrathazhu Re Release Date Out

We use cookies to give you the best possible experience. Learn more