മണിച്ചിത്രത്താഴ് സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നിരമ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍. താനിപ്പോഴും മണിച്ചിത്രത്താഴിന്റെ നിര്‍മ്മാതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നതെന്ന് അപ്പച്ചന്‍ പറയുന്നു.
സിനിമ ഹിറ്റാകുമെന്ന് കരുതിയിരുന്നെങ്കിലും മുപ്പത് വര്‍ഷത്തിന് ശേഷവും ആളുകള്‍ സംസാരിക്കുന്ന ഒരു ചിത്രമായി തീരുമെന്നൊന്നും താന്‍ കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഇത് എക്കാലവും നിലനില്‍ക്കുന്ന ചിത്രമായിരിക്കുമെന്നൊന്നും വിചാരിച്ചിരുന്നേയില്ലെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്‍ എന്ന ഓണ്‍ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ് പ്ലാറ്റ്‌ഫോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മണിച്ചിത്രത്താഴിനെ കുറിച്ച് തന്നോട് പറഞ്ഞ അനുഭവവും അദ്ദേഹം പങ്കുവെച്ചു.
‘മണിച്ചിത്രത്താഴിന്റെ നിര്‍മ്മാതാവ് എന്നു പറയുമ്പോള്‍ ആളുകള്‍ക്കിപ്പോഴും വലിയ കാര്യമാണ്. എന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണത്. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ലഭിച്ചു.
ഞാന്‍ അറിയപ്പെടുന്നതും ഈ ചിത്രം കൊണ്ടായിരിക്കും. മണിച്ചിത്രത്താഴ് സിനിമയുടെ നിര്‍മ്മാതാവെന്ന് പറയുമ്പോള്‍, പള്ളീലച്ചന്മാരായാലും കന്യാസ്ത്രീകളായാലും നാട്ടുകാരായാലും ചുമടെടുക്കുന്നവനായാലും, ആരായാലും ഒരു മതിപ്പാണ്.
കുഞ്ഞാലിക്കുട്ടി സാഹിബിനെ പരിചയപ്പെട്ടപ്പോള്‍ എന്റെ കൈ പിടിച്ചു പറഞ്ഞു, ‘ഇപ്പോഴും ടിവിയില്‍ ആ പടം വന്നാല്‍ അവിടെ നിന്ന് കണ്ടു തീര്‍ത്തിട്ടേ ഞാന്‍ അവിടെ നിന്ന് മാറൂ. പരസ്യം വന്നാലേ അവിടെ നിന്ന് മാറൂ’ എന്ന്.
രണ്ട് വര്‍ഷം മുന്‍പ് ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ അദ്ദേഹത്തെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അതൊക്കെ കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നും,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരുടെ ഡോ. സണ്ണിയും ഗംഗയും നകുലനും നാഗവല്ലിയുമെല്ലാം ഇന്നും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കഥാപാത്രങ്ങളാണ്.
1993ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ മണിച്ചിത്രത്താഴ് നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്‌കാരവും ലഭിച്ചിരുന്നു.
വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്. കന്നടയില്‍ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ എല്ലാ ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Manichithrathazhu Producer Swargachithra Appachan talks about what Kunhalikutty told about the movie