മണിച്ചിത്രത്താഴ് ഷൂട്ട് നടക്കുമ്പോള്‍ കുറെ ചെറുപ്പക്കാര്‍ കൊടിയും പിടിച്ചു കൊട്ടാരത്തിനകത്തേക്ക് കയറിവന്നു; ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നു; അനുഭവം പങ്കുവെച്ച് സ്വര്‍ഗചിത്ര അപ്പച്ചന്‍
Malayalam Cinema
മണിച്ചിത്രത്താഴ് ഷൂട്ട് നടക്കുമ്പോള്‍ കുറെ ചെറുപ്പക്കാര്‍ കൊടിയും പിടിച്ചു കൊട്ടാരത്തിനകത്തേക്ക് കയറിവന്നു; ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നു; അനുഭവം പങ്കുവെച്ച് സ്വര്‍ഗചിത്ര അപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th August 2021, 1:49 pm

മണിച്ചിത്രത്താഴ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെയുണ്ടായ ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ സ്വര്‍ഗചിത്ര അപ്പച്ചന്‍.

ഏറെ ബുദ്ധിമുട്ടി പത്മനാഭപുരം കൊട്ടാരത്തില്‍ ഷൂട്ട് ചെയ്യാനുള്ള അനുമതി വാങ്ങിയെടുത്തതിനെ കുറിച്ചും ഷൂട്ടിങ് തുടങ്ങി പത്താം ദിവസം പ്രദേശവാസികളായ ചില രാഷ്ട്രീയക്കാര്‍ എത്തി ഷൂട്ടിങ് തടസ്സപ്പെടുത്തിയതിനെ കുറിച്ചുമാണ് ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം ഓര്‍ക്കുന്നത്.

മുഖ്യമന്ത്രി കെ.കരുണാകരന്റെ പ്രത്യേക അനുമതി വാങ്ങിയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. അന്നത്തെ സാംസ്‌ക്കാരിക മന്ത്രി ടി.എം ജേക്കബ്ബ് വഴിയായിരുന്നു ഷൂട്ടിനുള്ള അനുമതി നേടിയത്. നവംബര്‍ ഒന്നു മുതല്‍ 30 വരെയാണ് ഷൂട്ടിങ്ങിന് അനുമതി ലഭിച്ചത്.

നാല് യൂണിറ്റുകളുമായി ഷൂട്ടിംഗ് തുടങ്ങി. നാല് സംവിധായകര്‍. സിദ്ധിഖ്, ലാല്‍, പ്രിയദര്‍ശന്‍, സിബി മലയില്‍. പാച്ചിക്ക രാവിലെ നാലുപേരെയും വിളിച്ച് ഓരോരുത്തരും എടുക്കേണ്ട ഷോട്ടുകള്‍ പറഞ്ഞുകൊടുക്കും. സ്‌ക്രിപ്റ്റും ഭാഗിച്ചു നല്‍കും. പ്രിയനും സിബിയും പാച്ചിക്കയും നവോദയയില്‍ ഒന്നിച്ചുവന്നതാണ്. നാല് സംവിധായകര്‍ക്കൊപ്പം നാല് അസിസ്റ്റന്റുമാരെയും നല്‍കി. പത്താം ദിവസം ഷൂട്ട് നടക്കുമ്പോള്‍ പെട്ടെന്ന് കുറെ ചെറുപ്പക്കാര്‍ കൊടിയും പിടിച്ചുകൊട്ടാരത്തിനകത്തേക്ക് കയറിവന്നു.

അവിടെയുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകരാണവര്‍. ”ആരോട് ചോദിച്ചിട്ടാ ഇവിടെ ഷൂട്ടിംഗ് നടത്തുന്നത്?” സര്‍ക്കാരിന്റെ ഓര്‍ഡര്‍ കാണിച്ചിട്ടും അവര്‍ പിന്‍വാങ്ങുന്നില്ല. ”പുരാവസ്തു നശിപ്പിക്കാന്‍ സമ്മതിക്കില്ല. ഷൂട്ടിങ് നടത്താന്‍ കഴിയില്ല.” അങ്ങനെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. എല്ലാവരും നിരാശരായി. ക്ലൈമാക്‌സ് എടുക്കാന്‍ പറ്റാത്തതായിരുന്നു പാച്ചിക്കയുടെ പ്രശ്‌നം.

ഒടുവില്‍ ജേക്കബ്ബ് സാറിന്റെ നിര്‍ദേശപ്രകാരം തൃപ്പൂണിത്തുറ പാലസിലേക്ക് ഷൂട്ടിങ് മാറ്റി. പത്മനാഭപുരം പോലെ കാഴ്ചയ്ക്ക് സമ്പന്നമല്ല തൃപ്പൂണിത്തുറ പാലസ്. പതിനഞ്ചുദിവസം അവിടെ ഷൂട്ട് ചെയ്തു. ഇന്നസെന്റേട്ടന്‍ വടിയെടുത്ത് നടക്കുന്നതൊക്കെ അവിടെയാണ് ചിത്രീകരിച്ചത്. അപ്പോഴും ക്ലൈമാക്‌സ് ബാക്കിയാണ്.

”ക്ലൈമാക്‌സിന് ഏഴുദിവസമെങ്കിലും വേണം. അതിന് പത്മനാഭപുരമല്ലാതെ മറ്റൊരു ഓപ്ഷനില്ല. അവിടത്തെ കല്‍മണ്ഡപത്തിലാണ് ശോഭനയുടെ ഡാന്‍സ് ചിത്രീകരിക്കേണ്ടത്.”പാച്ചിക്ക നിര്‍ബന്ധം പിടിച്ചപ്പോള്‍ ഞാനും ലത്തീഫിക്കയും വീണ്ടും ജേക്കബ് സാറിനെ കാണാന്‍ചെന്നു. കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. ”നിങ്ങളൊരു കാര്യം ചെയ്യ്. അവിടെയുള്ള ലോക്കലായ ആളുകളെ കണ്ട് ചര്‍ച്ച നടത്ത്. അവര്‍ വഴങ്ങും.”അദ്ദേഹം പറഞ്ഞതനുസരിച്ച് രാഷ്ട്രീയനേതാക്കളെ കണ്ട് കാര്യം വിശദീകരിച്ചു. താഴ്മയോടെ സംസാരിച്ചപ്പോള്‍ അവരും കീഴടങ്ങി.

സിനിമയുടെ ക്ലൈമാക്‌സിന് തൊട്ടുമുമ്പ് മോഹന്‍ലാലിന്റെ ഒന്‍പത് മിനിറ്റ് നീളുന്ന ഡയലോഗുണ്ട് ഡബ്ബ് ചെയ്തിട്ടും ലാലിന് തൃപ്തിയായില്ല. പാച്ചിക്കയുള്‍പ്പെടെ ഞങ്ങളെല്ലാവരും ഓക്കെയാണ്. ലാല്‍ വീട്ടില്‍പോയി രാത്രി ഏഴുമണിക്ക് പാച്ചിക്കയെ വിളിച്ചു. ”എനിക്ക് തൃപ്തിയായിട്ടില്ല. നാളെ രാവിലെ ഒരിക്കല്‍കൂടി ഡബ്ബ് ചെയ്യണം.”രാവിലെ ഏഴുമണിക്ക് ലാല്‍ വന്നു. പാച്ചിക്ക ഒരിക്കല്‍കൂടി ആ സീന്‍ ലാലിന് കാണിച്ചുകൊടുത്തു.

”ലാലേ, ഇതില്‍ ഒരു പ്രശ്‌നവുമില്ല. കേട്ടോ.”കുഴപ്പമില്ലേ എന്നായി വീണ്ടും ലാല്‍. ഇല്ലെന്ന് പാച്ചിക്ക ഉറപ്പുനല്‍കിയതോടെയാണ് ലാല്‍ ഡബ്ബ് ചെയ്യാതെ തിരിച്ചുപോയത്. ഡിസംബര്‍ 23-നായിരുന്നു സിനിമയുടെ റിലീസ്.

ഏറ്റവും കുറഞ്ഞ ചിലവില് ലൈവ് ട്യൂഷന് ക്ലാസിനായി ഇപ്പോള് തന്നെ ഡൗണ്ലോഡ് ചെയ്യൂ…

ആ ഡയലോഗ് മോഹന്‍ലാല്‍ പറയുമ്പോള്‍ തിയറ്ററില്‍ സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദതയായിരുന്നു. സിനിമയുടെ മര്‍മം ആ ഡയലോഗിലായിരുന്നു. ലാലിനും പാച്ചിക്കയ്ക്കും അതറിയാമായിരുന്നു. 366 ദിവസം മണിച്ചിത്രത്താഴ് ഓടി. പാച്ചിക്ക പറഞ്ഞതുപോലെ ദേശീയ അവാര്‍ഡും ആ സിനിമയെത്തേടിയെത്തി. വിജ്ഞാന്‍ഭവനില്‍ രാഷ്ട്രപതിയില്‍ നിന്നും പാച്ചിക്കയും ശോഭനയും ഞാനും അവാര്‍ഡ് ഏറ്റുവാങ്ങി,” സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു.

Content Highlight: Manichithrathazhu Movie Swargachithra Appachan Mohanlal Fazil