| Monday, 28th June 2021, 6:02 pm

ഫാസില്‍ സാര്‍ ചതിച്ചു, ഞങ്ങളുടെ ഭാഗങ്ങള്‍ കട്ട് ചെയ്തു; ഹിറ്റായി മണിച്ചിത്രത്താഴിലെ 'ഡിലീറ്റഡ് സീന്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മണിച്ചിത്രത്താഴ് സിനിമയിലെ ഡിലീറ്റഡ് സീന്‍. ചാനല്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പ്രജിത്ത് കൈലാസവും ദീപു നവായികുളവും ചേര്‍ന്ന് ചെയ്ത മണിച്ചിത്രത്താഴിന്റെ സ്പൂഫ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്.

സിനിമയിലെ വിവിധ രംഗങ്ങളില്‍ പറമ്പില്‍ പണിയെടുക്കാനെത്തിയ രണ്ട് പേരെ കൂടി ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പ്രജിത്തും ദീപുവുമാണ് ഈ പണിക്കാരുടെ വേഷത്തിലെത്തുന്നത്.

ഗംഗ നകുലന് വിഷം കലര്‍ത്തിയ ചായ നല്‍കാന്‍ ശ്രമിക്കുന്നതും സണ്ണി തടയുന്നതും ശ്രീദേവിയെ പൂട്ടിയിടുന്നതും ഏവൂരിലേക്ക് സൈക്കിളില്‍ പോകുന്നതും അവസാനം തറവാട്ടില്‍ നിന്നും സണ്ണിയും ഗംഗയും നകുലനും തിരിച്ചു പോകുന്നതുമാണ് ഈ വീഡിയോയില്‍ പ്രധാനമായും കടന്നുവരുന്നത്.

70 കിലോമീറ്റര്‍ ദൂരം സൈക്കിളോടിച്ച് പോകുന്ന മോഹന്‍ലാലിന്റെ ഡോ. സണ്ണിയെ ഇവര്‍ ചെറിയ കൗണ്ടര്‍ ഡയലോഗുകളിലൂടെ കളിയാക്കുന്നത് ഇപ്പോള്‍ തന്നെ ഹിറ്റായി കഴിഞ്ഞു.

ശ്രീദേവിയെ പൂട്ടിയിടുമ്പോള്‍ ‘നിങ്ങളുടെ കുടുംബപ്രശ്‌നത്തില്‍ ഞങ്ങളെന്ത് ചെയ്യാനാണ്’ എന്ന ചോദ്യവും ആ സമയത്തെ ഇരുവരുടെയും ഭാവങ്ങളുമാണ് കൈയ്യടി നേടുന്ന മറ്റൊരു രംഗം.

വെറും അഞ്ച് മിനിറ്റിനുള്ളില്‍ മണിച്ചിത്രത്താഴിനെ ഇത്രയും തമാശ നിറഞ്ഞ രൂപത്തില്‍ അവതരിപ്പിച്ച ഈ കലാകാരന്മാരെ സമ്മതിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.

മണിച്ചിത്രത്താഴിന്റെ പല ഫാന്‍ ഫിക്ഷന്‍ കഥകളും തിയറികളുമെല്ലാം കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഗംഭീരമായ ഐറ്റം ആദ്യമാണെന്നാണ് മറ്റൊരു കമന്റ്.

മണിച്ചിത്രത്താഴ് ഡിലീറ്റഡ് സീന്‍ എന്ന പേരിലാണ് പ്രജിത്ത് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഫാസില്‍ സര്‍ ചതിച്ചെന്നും സീന്‍ കട്ട് ചെയ്‌തെന്നും എല്ലാവരും ഈ സീനുകള്‍ കണ്ട് അഭിപ്രായം പറയണമെന്നും ഈ വീഡിയോ പങ്കുവെച്ചു കൊണ്ട് പ്രജിത്ത് എഴുതിയിരിക്കുന്നതും ആളുകളെ ചിരിപ്പിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Manichithrathazhu movie deleted scene – new spoof video goes viral

We use cookies to give you the best possible experience. Learn more