| Sunday, 23rd December 2018, 2:33 pm

മനസിനുള്ളില്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിയിട്ടുണ്ട് ഈ സിനിമയെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

25 വര്‍ഷം മുന്‍പ് റിലീസായ ഒരു സിനിമ. ചലച്ചിത്രാസ്വാദകര്‍ക്കും നിരൂപകര്‍ക്കും ഒരു പോലെ പാഠപുസ്തകമായ സിനിമ. ഭാഷകള്‍ പിന്നിട്ട് സഞ്ചരിച്ച സിനിമ. എത്ര തവണ കണ്ടാലും ആദ്യം കാണുന്നപോലുള്ള അനുഭൂതി പ്രേക്ഷകന് സമ്മാനിക്കുന്ന കാലാതിവര്‍ത്തിയായ സിനിമ …മണിച്ചിത്രത്താഴ്.

1993 ല്‍ ക്രിസ്മസ് റിലീസായാണ് മണിച്ചിത്രത്താഴ് തിയേറ്ററിലെത്തുന്നത്. വിതരണക്കാരുടെ ഷെയറായി മാത്രം അഞ്ചുകോടിയാണ് ചിത്രം നേടിയത്. 365ല്‍ കൂടുതല്‍ ദിവസം റിലീസിംഗ് സെന്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതും മണിച്ചിത്രത്താഴിനെ കുറിച്ച് പറയുമ്പോള്‍ ചേര്‍ത്തുവക്കേണ്ടതാണ്.

ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സൈക്കോ ത്രില്ലര്‍ എന്നാണ് മണിച്ചിത്രത്താഴിനെ വിശേഷിപ്പിക്കപ്പെടുന്നത്.

മാടമ്പിള്ളി എന്ന പഴയ തറവാടിനെയും അതിനു പിന്നിലെ കഥയേയും ചുറ്റിപ്പറ്റിയാണ് മണിച്ചിത്രത്താഴ് തുറക്കുന്നത്.

ALSO READ: ഈ പ്രേതത്തില്‍ ശരിക്കും പ്രേതമുണ്ട്

അന്ധവിശ്വാസത്തേയും യുക്തിചിന്തയേും സമാന്തരമായി കൊണ്ടുപോകുന്ന സിനിമ മാടമ്പിള്ളിയിലെ പ്രേതമെന്ന സങ്കല്‍പ്പത്തെ പലപ്പോഴും ബോധപൂര്‍വ്വം പൊളിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം തന്നെ അമാനുഷിക ശക്തി മാടമ്പിള്ളിയിലുണ്ടെന്ന പ്രതീതി നിലനിര്‍ത്താനും അണിയറപ്രവര്‍ത്തകര്‍ക്ക് കഴിയുന്നു.

ഹോമത്തിന്റെ അന്തരീക്ഷം ഉണ്ടാക്കിയെടുത്ത് ഗംഗയിലെ നാഗവല്ലിയെ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ പ്രേക്ഷകനെ ഒരേസമയം യുക്തിയുടെയും മിത്തിന്റെയും ലോകത്തിലേക്കാണ് ചിത്രം കൊണ്ടുപോകുന്നത്.

ഏറ്റവും ശക്തമായ തിരക്കഥ, അഭിനേതാക്കളുടെ അസാമാന്യ പ്രകടനം, ക്യാമറയ്ക്ക് പിന്നിലെ കൂട്ടായ്മ ഇതെല്ലാം ഒത്തുചേര്‍ന്ന് വന്നാല്‍ കാലത്തെ അതിജീവിക്കുന്ന സിനിമ പിറക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മണിച്ചിത്രത്താഴ് എന്ന സിനിമ.

മലയാള സിനിമയിലെ രണ്ട് നായകനടന്‍മാര്‍ അണിനിരന്ന സിനിമ, തിലകനും നെടുമുടി വേണുവും കെ.പി.എ.സി ലളിതയും ഇന്നസെന്റുമടക്കമുള്ള പ്രതിഭയുടെ ധാരാളിത്തമുള്ളവരുടെ സാന്നിധ്യം… എന്നാല്‍ മണിച്ചിത്രത്താഴ് എന്ന സിനിമ തുടക്കം മുതല്‍ ഒടുക്കം വരെ ശോഭന എന്ന നടിയുടെ അഭിനയത്തികവിന്റെ നേര്‍രൂപമാണ്.

ALSO READ: സീതാകാത്തി -പുനര്‍ജന്മം കലയിലൂടെ

ഒരു മഴപെയ്യുന്നത് പോലെ…. നേര്‍ത്ത് തുടങ്ങി ഒടുക്കം കാതടപ്പിക്കുന്ന കോരിച്ചൊരിയുന്ന പെരുമഴയില്‍ അവസാനിക്കുന്ന കഥാപാത്രമാണ് ഗംഗ. കുട്ടിക്കാലത്ത് കേട്ടുവളര്‍ന്ന മുത്തശ്ശിക്കഥകള്‍, മാടമ്പിള്ളിയിലെത്തുന്നതിന് മുന്‍പ് ഭര്‍ത്താവിന്റെ അമ്മയില്‍ നിന്ന് ഗംഗ കേട്ട കഥകള്‍, മാടമ്പിള്ളിയിലെത്തിയതിന് ശേഷമുള്ള അന്തരീക്ഷം. ഗംഗയില്‍ നാഗവല്ലി എന്ന കഥാപാത്രം “പ്രവേശിക്കാന്‍” ഇതൊക്കെ തന്നെ ധാരാളം.

ഒരു അണുവിട പോലും ഏറ്റക്കുറച്ചിലില്ലാതെ ശോഭന എന്ന നടി ഗംഗയായും നാഗവല്ലിയായും അനായാസേന മാറി. കണ്ണുകള്‍ കൊണ്ടും പുരികങ്ങളുടെ ചലനം കൊണ്ടുപോലും ശോഭന കഥാപാത്രത്തെ ആവാഹിക്കുന്നത് 25 വര്‍ഷങ്ങള്‍ക്കിപ്പുറവും അത്ഭുതമായി നിലനില്‍ക്കുന്നു.

മധു മുട്ടത്തിന്റെ സംഭാഷണങ്ങളും ഫാസിലിന്റെ സംവിധാനവും വേണുവിന്റെ ക്യാമറയും ചേര്‍ന്നൊരുക്കിയ വിസ്മയചിത്രത്തിന് സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മ്മാണം നിര്‍വഹിച്ചത്.

എം.ജി രാധാകൃഷ്ണന്റെ സംഗീതം, കഥാഗതിയ്ക്കനുസരിച്ച് സിനിമയുടെ ആത്മാവിനെ സ്വാംശീകരിച്ച ജോണ്‍സന്റെ പശ്ചാത്തലസംഗീതം, ബിച്ചു തിരുമലയുടെയും കവിഞ്ജര്‍ വാലിയുടെയും മധുമുട്ടത്തിന്റെയും വരികള്‍, യേശുദാസിന്റെയും ചിത്രയുടെയും സുജാതയുടെയും പാട്ടുകള്‍, ശേഖറിന്റെ എഡിറ്റിംഗ്, കഥാപാത്രങ്ങള്‍ക്ക് നല്‍കിയ ഭാഗ്യലക്ഷ്മിയുടെയും ആനന്ദവല്ലിയുടെയും അമ്പിളിയുടെയും ദുര്‍ഗയുടെയു ശബ്ദം… പ്രേക്ഷകന്റെ മനസില്‍ സിനിമയെ മണിച്ചിത്രത്താഴിട്ട് പൂട്ടാന്‍ ഇതൊക്കെ ധാരാളമായിരുന്നു.

മണിച്ചിത്രത്താഴിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡൂള്‍ന്യൂസില്‍ ഇന്ന് മുതല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ വായിക്കാം. മാന്യവായനക്കാര്‍ക്കും ഡൂള്‍ന്യൂസിലേക്ക് (aswin@doolnews.com) കുറിപ്പുകളയക്കാം. തെരഞ്ഞെടുക്കുന്ന കുറിപ്പുകള്‍ ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more