| Monday, 24th December 2018, 4:45 pm

മലയാളി മനസ്സിലേക്ക് ശോഭനയിലൂടെ 'നാഗവല്ലി' ആടിക്കയറിയിട്ട് 25വര്‍ഷം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ നാഴികകല്ലില്‍ 25 വര്‍ഷങ്ങള്‍ക്കു മുമ്പ് കുറിച്ച് വച്ച സിനിമയാണ് “മണിച്ചിത്രത്താഴ് “. ഫാസില്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ഇന്നും മലയാളി മനസിലെ മായാ വസന്തമായി നിലനില്‍ക്കുന്നു. 1993ല്‍ ക്രിസ്തുമസിനോട് ചേര്‍ന്നു ചിത്രം പുറത്തു വന്നപ്പോള്‍ അതിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച പ്രഗത്ഭരുടെ എണ്ണം കുറവല്ല. മികച്ച രീതിയിലുള്ള ഒരു സ്‌ക്രിപ്റ്റ് സിനിമയെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്നു മധു മുട്ടം വര്‍ഷങ്ങള്‍ എടുത്ത് മണിച്ചിത്രത്താഴിലൂടെ സിനിമ ലോകത്തിനു കാഴ്ചവച്ചു.

യക്ഷി-ഗന്ധര്‍വ്വ കഥകള്‍ കണ്ടു വളര്‍ന്ന മലയാള സിനിമയ്ക്ക് മണിച്ചിത്രത്താഴിലൂടെ ലഭിച്ചത് ഒരു ക്ലാസിക്കല്‍ സൈക്കോ ത്രില്ലര്‍ ആയിരുന്നു. മോഹന്‍ലാലും, സുരേഷ്ഗോപിയും, തിലകനും, നെടുമുടിയും, കെ. പി.എ.സി ലളിതയും, ഇന്നസെന്റും, വിനയ പ്രസാദും,കുതിരവട്ടം പപ്പുവും നിറഞ്ഞു നിന്ന സിനിമയില്‍, ശോഭനയുടെ നാഗവല്ലിയും ഗംഗയും ആയിരുന്നു ഹൈലൈറ്. നാഗവല്ലി ആ വര്‍ഷം ആടി കയറിയത് മികച്ച നടിക്കുള്ള നാഷണല്‍, സ്റ്റേറ്റ് അവാര്‍ഡിലേക്കായിരുന്നു.

ശോഭന എന്ന നര്‍ത്തകിയേയും നടിയേയും ഫാസില്‍ ഒരുപോലെ പ്രയോജനപ്പെടുത്തി എന്നതാണ് സിനിമയുടെ ഒരു വിജയ ഘടകം. കൊട്ടാരം കാരണവരാല്‍ കൊലചെയ്യപെടുന്ന നാഗവല്ലിയെ തന്റെ കൈമുദ്രയിലൂടെയും കണ്‍പാടവങ്ങളിലൂടെയും ശോഭന അവിസ്മരണീയമാക്കിയപ്പോള്‍, നകുലന്റെ ഭാര്യയായ ഗംഗയെ തന്റെ മാസ്മരിക ചലനങ്ങളിലൂടെ ശോഭന മികവുറ്റതാക്കി. ശബ്ദം വലിയൊരു പങ്കുവഹിച്ച സിനിമയില്‍ യഥാക്രമം ഗംഗയ്ക്കും നാഗവല്ലിക്കും ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മിയും ദുര്‍ഗയും ഇതേ കൈയടി അര്‍ഹിക്കുന്നു.

ദ്വന്ദ സ്വഭാവവും മാനസിക രോഗവും പ്രേക്ഷകനിലേക്കു പറഞ്ഞു ഫലിപ്പിക്കാന്‍ നടിയെന്ന നിലയില്‍ ശോഭനയ്ക്കും സംവിധായകന്‍ എന്നനിലയില്‍ ഫാസിലിനും സാധിച്ചു. അതിനെക്കാളും എല്ലാം ഉപരിയായി മധുമുട്ടം എന്ന തിരക്കഥാകൃത്ത് ഒരു മാജിക് പോലെ ഇത് രണ്ടും തന്റെ തിരക്കഥയില്‍ സമന്വയിപ്പിച്ചു. ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും ശോഭന നല്‍കിയ സഹകരണം എടുത്തു പറയേണ്ടതാണ്. ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ആ അന്തരീക്ഷത്തിന്റെ ഭാഗമായിരുന്നെന്നും നാഗവല്ലി തന്റെ ഉള്ളിലുള്ളതായും ശോഭന പല അഭിമുഖങ്ങളിയായി പങ്കുവയ്ക്കുണ്ട്.

“അയോഗ്യ നായെ “, “നാന്‍ താന്‍ടാ നാഗവല്ലി ” പോലുള്ള സംഭാഷണങ്ങളും “ഒരു മുറയി വന്ത് പാത്തായ” എന്ന ഗാനരംഗവും ശോഭനയുടെ അഭിനയമികവും സൂക്ഷ്മ നിരീക്ഷണവും ചൂണ്ടി കാണിക്കുന്നു. ഒരു കഥാപാത്രത്തെ തന്റെ ഉള്ളിലേക്കു ആവാഹിച്ചു അതിനെ അതിന്റെതായ സ്വാതന്ത്യത്തോടെ അലയാന്‍ വിടാന്‍ ശോഭനയ്ക്ക് കഴിഞ്ഞു എന്നതാണ് ആ കഥാപാത്രത്തിന്റെയും അഭിനയത്രിയുടെയും വിജയം.

കട്ടില്‍ എടുത്തു പൊക്കുന്ന സീനില്‍ വളരെ അധികം നേര്‍വസ് ആയിരുന്നെന്നും, ആ സീന്‍ തന്നോട് അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞതും അത് വിരല്‍ ചലനം പോലും തെറ്റാതെ ശോഭന അഭിനയിച്ചു വിസ്മയമാക്കിത്തീര്‍ത്തതും ഫാസില്‍ തന്റെ പുസ്തകമായ “മണിച്ചിത്രത്താഴും മറ്റു ഓര്‍മകളും” എന്നതില്‍ പങ്കുവയ്ക്കുന്നു. ആ രംഗം ശോഭനയുടെ അഭിനയജീവിതത്തിലെ പൊന്‍തൂവല്‍ തന്നെയാണ്

ഇന്ന് സിനിമയില്‍ നിന്നും അല്പം ദൂരെയായി കൃഷ്ണന്‍, മഗ്ദലനാമറിയാം, ബുദ്ധന്‍ പോലുള്ള കഥാപാത്രങ്ങളിലൂടെ തന്റെ ജീവിതത്തെ വിവിധ നൃത്തവേദിയില്‍
ആടി തീര്‍ക്കുകയാണ് ശോഭന. “സിനിമയിലേക്കുള്ള തിരിച്ചു വരവ് എന്നാണ്?”, ” സിനിമയിലേക്ക് ഇനിയും പ്രതീക്ഷിക്കാമോ?” പോലുള്ള ചോദ്യങ്ങള്‍ക്കു “അഭിനയവും ജീവിതവും നൃത്തവും നല്‍കിയ എല്ലാ അറിവുകളും തന്റെ പ്രകടനങ്ങള്‍ക്ക് കൂട്ടു വരുന്നുണ്ടെന്നും, നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ സിനിമയിലേക്ക് തിരികെ വരാന്‍ സന്തോഷമേയുള്ളൂ ” എന്നും ശോഭന തന്റെ ഉത്തരമായി പല അഭിമുഖത്തിലും ആവര്‍ത്തിക്കുന്നു. എന്തിരുന്നാലും ഗംഗയായും നാഗവല്ലിയായും ഇന്നും മണിച്ചിത്രത്താഴിലൂടെ ശോഭന സിനിമയില്‍ നിറഞ്ഞാടുന്നു.

ഡൂള്‍ ന്യൂസും Manichithrathazhu – മണിച്ചിത്രത്താഴ് ഫേസ്ബുക്ക് പേജും സംയുക്തമായി മണിചിത്രത്താഴിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന മത്സരത്തിലേക്ക് നിങ്ങള്‍ക്കും കുറിപ്പുകള്‍ അയക്കാം ലേഖനങ്ങള്‍ aswin@doolnews.com എന്ന മെയില്‍ ഐഡിയിലേക്കോ മണിചിത്രത്താഴ് പേജിലേക്കോ അയക്കാവുന്നതാണ് തെരഞ്ഞെടുക്കുന്ന ലേഖനങ്ങള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനം

We use cookies to give you the best possible experience. Learn more