| Friday, 3rd May 2019, 7:27 pm

കല്ലുവാതുക്കല്‍ മദ്യ ദുരന്തം: മണിച്ചന്‍ വിഷമദ്യം വിതരണം ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്ന് ടി.പി സെന്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്തത്തില്‍, പ്രതിയായ മണിച്ചന് പങ്കുള്ളതായി താന്‍ കരുതുന്നില്ലെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍.

തന്റെ ആത്മകഥയായ ‘എന്റെ പൊലീസ് ജീവിത’ത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് സെന്‍കുമാര്‍ പറഞ്ഞു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാറിന്റെ പ്രതികരണം.

‘ഞാന്‍ വിശ്വസിക്കുന്ന കാര്യമാണത്. അതായത് മണിച്ചന്‍ വിഷമദ്യം വിതരണം ചെയ്തുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കോടതി കണ്ടെത്തി ശിക്ഷിച്ചതാണ്. അതുവേറെ കാര്യം. നിയമം അനുസരിച്ചേ പറ്റൂ. പക്ഷേ എന്റെ വിശ്വാസം, എന്റെ അറിവ് വച്ച് മണിച്ചനാണ് വിഷമദ്യം വിതരണം ചെയ്തതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’- എന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്.

കേരളത്തെ നടുക്കിയ വിഷമദ്യ ദുരന്തമായിരുന്നു കല്ലുവാതുക്കല്‍ മദ്യദുരന്തം. 2000 ഒക്‌റ്റോബര്‍ 21നായിരുന്നു മദ്യ ദുരന്തമുണ്ടായത്. 33 ആളുകള്‍ വിഷമദ്യം കുടിച്ച് കൊല്ലപ്പെട്ടു.

കല്ലുവാതുക്കല്‍ 19 ആള്‍ക്കാരും പള്ളിക്കല്‍, പട്ടാഴി എന്നിവിടങ്ങളില്‍ 13 ആളുകളുമാണ് കൊല്ലപ്പെട്ടത്. നിരവധി ആളുകള്‍ക്ക് കാഴ്ച നഷ്ട്‌പ്പെടുകയും ചെയ്തു.

അബ്കാരിയായിരുന്ന മണിച്ചന്റെ ഗോഡൗണില്‍ നിന്നെത്തിയ മദ്യമാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഐ.ജി. സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷിച്ചത്.

സംഭവത്തില്‍ ഒന്നാം പ്രതിയായ ഹയറുന്നിസ എന്ന താത്തയും മണിച്ചനും ഭാര്യയും രണ്ട് സഹോദരങ്ങളുമടക്കം 13 പേരെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കവേ 2009ല്‍ കരള്‍ വീക്കം മൂലം മരണമടഞ്ഞു.

We use cookies to give you the best possible experience. Learn more