| Monday, 15th July 2024, 9:56 pm

ആ സിനിമയുടെ സമയത്താണ് മമ്മൂക്ക മുടങ്ങാതെ കാണുന്ന ഒരേയൊരു പ്രോഗ്രാം ഞങ്ങളുടേതാണെന്ന് മനസിലായത്: മണി ഷൊര്‍ണൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ പരമ്പരയായ മറിമായത്തിലൂടെ ഏറെ പരിചിതനായ ഒരാളാണ് മണി ഷൊര്‍ണൂര്‍. സുഗതന്‍ എന്ന കഥാപാത്രമായാണ് അദ്ദേഹം മറിമായത്തില്‍ എത്തിയത്. നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കമ്പനി 2022ല്‍ നിര്‍മിച്ച റോഷാക്കിലൂടെ മണി സിനിമയിലേക്കും എത്തിയിരുന്നു. ഈ വര്‍ഷം ഇറങ്ങിയ മമ്മൂട്ടി ചിത്രമായ ടര്‍ബോയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സില്ലിമോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് മണി ഷൊര്‍ണൂര്‍.

മറിമായത്തിലൂടെയാണ് തനിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നതെന്നും മറിമായം കണ്ടാണ് തന്നെ റോഷാക്കിലേക്ക് മമ്മൂട്ടി വിളിക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ഈ കാര്യം താന്‍ അറിയുന്നത് സെറ്റില്‍ എത്തിയതിന് ശേഷമാണെന്നും മണി പറഞ്ഞു. മമ്മൂട്ടി മുടങ്ങാതെ കാണുന്ന ഒരേയൊരു പ്രോഗ്രാം മറിമായമാണെന്ന് തനിക്ക് അന്നാണ് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ മറിമായം എന്ന ഈ ഫാമിലിയുടെ ഭാഗമായിട്ട് 13 വര്‍ഷമായി. ഒന്നും അല്ലാതിരുന്ന വെറും മണിയെ ഇന്നത്തെ ഷൊര്‍ണൂര്‍ മണി ആക്കിയത് മറിമായമാണ്. മറിമായത്തിലൂടെയാണ് എനിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. സത്യത്തില്‍ മറിമായം കണ്ടിട്ടാണ് എന്നെ റോഷാക്ക് എന്ന സിനിമയിലേക്ക് മമ്മൂക്ക വിളിക്കുന്നത്.

ഈ കാര്യം ഞാന്‍ അറിയുന്നത് റോഷാക്കിന്റെ സെറ്റില്‍ എത്തിയതിന് ശേഷമാണ്. അന്ന് എനിക്ക് ഒരു കാര്യം മനസിലായി. മമ്മൂക്ക മുടങ്ങാതെ കാണുന്ന ഒരേയൊരു പ്രോഗ്രാം മറിമായമാണ്. മമ്മൂക്കയാണ് എന്റെ ആദ്യ സിനിമ നിര്‍മിച്ചത്. ഞാന്‍ ഏറ്റവും അവസാനം അഭിനയിച്ച ടര്‍ബോയും മമ്മൂക്ക തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. എനിക്ക് ഇതെല്ലാം തന്നത് ഈ മറിമായമാണ്,’ മണി ഷൊര്‍ണൂര്‍ പറഞ്ഞു.


Content Highlight: Mani Shornur Talks About Marimayam And Mammootty

We use cookies to give you the best possible experience. Learn more