നിസാം ബഷീര്‍ ചിത്രം റോഷാക്കില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നാണ് ബാലന്‍ ചേട്ടന്‍. മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ മണി ഷൊര്‍ണൂരാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ അഭിനയിക്കാന്‍ നിസാം ബഷീര്‍ തന്നെ വിളിച്ച അനുഭവം പങ്കുവെക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ മണി ഷൊര്‍ണൂര്‍.
‘നിസാം ബഷീറാണ് എന്നെ ഫോണ്‍ വിളിച്ചത്. ഹലോ ഞാന്‍ നിസാം ബഷീറാണെന്ന് പറഞ്ഞു. ഏത് നിസാം ബഷീറെന്ന് ഞാന്‍ ചോദിച്ചു. കെട്ട്യോളാണെന്റെ മാലാഖയുടെ ഡയറക്ടാണെന്ന് പറഞ്ഞു. അയ്യോ, ഞാനൊന്നു ഞെട്ടി, എന്താണെന്ന് ചോദിച്ചു. ഞാന്‍ അടുത്ത സിനിമ എടുക്കുവാണ്, മമ്മൂക്കയാണ് നായകന്‍. മമ്മൂക്കയാണ് അതിലൊരു വേഷത്തിന് മണിയേട്ടന്റെ നമ്പര്‍ തന്നതെന്ന് പറഞ്ഞു.
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ സ്വപ്‌നം കാണുകയാണോ എന്ന് വിചാരിച്ചു. ഇനി വല്ല മിമിക്രിക്കാരും എന്നെ കളിയാക്കുവാണോയെന്ന് ഞാന്‍ ഓര്‍ത്തു. പിറ്റേന്ന് നിസാം ബഷീറും അസോസിയേറ്റ് ഡയറക്ടര്‍ ബെന്നിയും കൂടി വന്നു. സ്‌ക്രിപ്റ്റുമായിട്ടാണ് വന്നത്.
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സിനിമയിലേക്ക് വിളിക്കുന്നത്. മമ്മൂക്ക ഒഴികെ എട്ട് പ്രധാനകഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ഇവര്‍ക്കെല്ലാവര്‍ക്കും സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തു. പുതിയ നടനെന്നോ സീനിയര്‍ നടനെന്നോ ഉള്ള വ്യത്യാസം മമ്മൂട്ടി കമ്പനിയുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്നില്ല. അതില്‍ അഭിനയിക്കുന്നവരെല്ലാം താരങ്ങളാണ്. എല്ലാവര്‍ക്കും ഒരേ പരിഗണന നല്‍കിയ പടമാണത്,’ മണി പറഞ്ഞു.
അതേസമയം റോഷാക്ക് ഒക്ടോബര്‍ 14 മുതല്‍ യൂറോപ്പില്‍ പ്രദര്‍ശനമാരംഭിച്ചിരുന്നു. കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ഈ ആഴ്ച ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം. ഓസ്‌ട്രേലിയയിലും ന്യൂസിന്‍ഡിലും ഇന്നലെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.
Content Highlight: Mani Shornoor shares the experience of being called by Nissam Basheer to act in the film rorschach