| Friday, 19th August 2016, 3:37 pm

'കൊലപാതകികള്‍ക്ക് കൈ കൊടുക്കാറില്ല'; കശ്മീരില്‍ പരിക്കേറ്റവരെ കാണാനെത്തിയ മണിശങ്കര്‍ അയ്യരോട് ആശുപത്രിയില്‍ നിന്നും പുറത്തു പോകാന്‍ ആവശ്യപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ശ്രീനഗറിലെ ശ്രീമഹാരാജ ആശുപത്രിയില്‍ പരിക്കേറ്റവരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കും സംഘത്തിനുമെതിരെ പ്രതിഷേധം. മണിശങ്കര്‍ അയ്യരെയും മാധ്യമപ്രവര്‍ത്തകനായ പ്രേംശങ്കര്‍ ഝായെയും ആശുപത്രിയില്‍ നിന്ന് പുറത്താക്കിയെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരിലെ പെല്ലറ്റ്ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിനായി മണിശങ്കര്‍ അയ്യര്‍, മാധ്യമപ്രവര്‍ത്തകനായ പ്രേം ശങ്കര്‍, മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ കപില്‍ കാക്, സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മി എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ആശുപത്രിയിലെത്തിയിരുന്നത്. അതേ സമയം മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവരെ ആശുപത്രി വാര്‍ഡുകളിലേക്ക് പ്രവേശിപ്പിച്ചു.

ആശുപത്രിയിലേക്ക് വന്ന മണിശങ്കര്‍ അയ്യരോട് “ഞങ്ങള്‍ കൊലപാതകികള്‍ക്ക് കൈ കൊടുക്കാറില്ലെന്ന്” ഇരകള്‍ പറഞ്ഞതായി ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സപ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സംഘം എത്തിയപ്പോള്‍ ആശുപത്രിയിലുള്ളവര്‍ “ആസാദി”, “ഗോ ബാക്ക്  ഇന്ത്യ” മുദ്രാവാക്യങ്ങള്‍ മുഴക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ ഇരകളായവരെ സന്ദര്‍ശിക്കാനെത്തുന്ന ആദ്യ സംഘമായിരുന്നു ഇത്.

Latest Stories

We use cookies to give you the best possible experience. Learn more