നരസിംഹ റാവുവിനെ 'ആദ്യത്തെ ബി.ജെ.പി പ്രധാനമന്ത്രി'യെന്ന് വിശേഷിപ്പിച്ച് മണി ശങ്കര്‍ അയ്യര്‍
ന്യൂദല്‍ഹി: പി.വി. നരസിംഹ റാവുവിനെ ‘ഇന്ത്യയുടെ ആദ്യത്തെ ബി.ജെ.പി പ്രധാനമന്ത്രി’യെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണി ശങ്കര്‍ അയ്യര്‍. രാജ്യത്തെ ‘മതേതര പാതയില്‍ നിന്നും വര്‍ഗീയ പാതയിലേക്ക്’ നയിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും മണി ശങ്കര്‍ അയ്യര്‍ ആരോപിച്ചു.
തന്റെ ആത്മകഥയായ ‘മെമൊയേഴ്‌സ് ഓഫ് എ മാവെറിക്ക്; ദി ഫിഫ്റ്റി ഇയേഴ്‌സി’ന്റെ പ്രകാശന ചടങ്ങില്‍ ദി വയറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നും അദ്ദേഹം എത്രത്തോളം വര്‍ഗീയ വാദിയാണെന്ന് താന്‍ മനസിലാക്കിയതായി മണി പറഞ്ഞു.
‘മതസൗഹാര്‍ദം നിലനിര്‍ത്താനായി ഞാന്‍ രാമേശ്വരത്ത് നിന്ന് അയോധ്യയിലേക്ക് റാം റഹിം യാത്ര നടത്തിയപ്പോള്‍ ഒഡീഷയില്‍ നിന്നും ദല്‍ഹിയിലേക്ക് മടങ്ങാനായി നരസിംഹ റാവു എന്നെ വിളിച്ചു. ‘ നിങ്ങളുടെ യാത്രയോട് എനിക്ക് വിയോജിപ്പില്ല, എന്നാല്‍ നിങ്ങളുടെ മതേതര നിര്‍വചനങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്’ എന്നായിരുന്നു നരസിംഹ റാവു തന്നോട് പറഞ്ഞതെന്ന് അയ്യര്‍ പറഞ്ഞു.
തന്റെ മതേതര നിര്‍വചനത്തില്‍ എന്താണ് തെറ്റെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഇതൊരു ഹിന്ദു രാജ്യമാണെന്ന് നിങ്ങള്‍ മനസിലാക്കുന്നില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
‘എന്റെ മതേതര നിര്‍വചനത്തില്‍ എന്താണ് തെറ്റെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞ മറുപടി ഇന്നും എന്റെ മനസിലുണ്ട് ‘ ഇതൊരു ഹിന്ദു രാജ്യമാണെന്ന് നിങ്ങള്‍ മനസിലാക്കുന്നില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ഇത് തന്നെയാണ് ബി.ജെ.പിയും പറയുന്നത്. എന്നാല്‍ ഇതൊരു ഹിന്ദു രാജ്യമല്ല. നമ്മുടേതൊരു മതേതര രാജ്യമാണ്. ഇവിടെ ഭൂരിഭാഗം ഹിന്ദുക്കളുണ്ട്, എന്നാല്‍ 200 മില്യണ്‍ മുസ്‌ലിങ്ങളും , ക്രിസ്ത്യാനികളും, ജൂതന്മാരും, പാര്‍സിമാരും, സിഖുക്കാരുമുണ്ടിവിടെ. അപ്പോള്‍ നമ്മള്‍ എങ്ങനെ ഹിന്ദു രാജ്യമാകും, നമുക്കൊരു മതേതര രാജ്യമാകാനേ സാധിക്കൂ’ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു,’ മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.
നരസിംഹ റാവുവിന്റെ മനസ് പക്ഷപാതപരമായതുകൊണ്ടാണ് രാജ്യത്തെ മതേതര പാതയില്‍ നിന്നും വര്‍ഗീയ പാതയിലേക്ക് അദ്ദേഹം നയിച്ചതെന്നും മണി ശങ്കര്‍ അയ്യര്‍ ആരോപിച്ചു. 1991- 1996 വരെയാണ് നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുകയും തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ ആയിരക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തത്.
നയതന്ത്രജ്ഞനെന്ന നിലയില്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പാകിസ്ഥാനില്‍ (1978 മുതല്‍ 1982 വരെ കറാച്ചിയില്‍ കോണ്‍സല്‍ ജനറല്‍) സേവനമനുഷ്ഠിച്ചതിനെയും പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുമായി തനിക്കുള്ള ബന്ധത്തെ പറ്റിയും അയ്യരുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. 1978ല്‍ ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ സിഖ് കലാപത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. അക്രമം അടിച്ചമര്‍ത്താനായി സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങളെ അദ്ദേഹം പുസ്തകത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.
Content Highlights: Mani Shankar Aiyar described P.V. Narasimha Rao as the “first BJP prime minister” of India