ന്യൂദല്‍ഹി: ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.
ഗാന്ധി കുടുംബമാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്ന ആരോപണം തീര്‍ത്തും ബുദ്ധിശൂന്യമാണെന്നും കോണ്‍ഗ്രസിനെ ഒന്നിപ്പിച്ച് നിര്‍ത്തുന്നത് ഗാന്ധി കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു.
”കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുമ്പോള്‍ മോദിയും കൂട്ടരും ലക്ഷ്യമിടുന്നത് ഗാന്ധി മുക്ത കോണ്‍ഗ്രസാണ്. ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസ് തമ്മിലടിച്ച് തകരുമെന്ന് അവര്‍ക്കറിയാം. ജി 23 കോണ്‍ഗ്രസിന്റെ ഐക്യമാണ് ലക്ഷ്യമിടുന്നത്. മെന്‍ഷേവിക്കുകളെ തകര്‍ക്കുന്ന ബോള്‍ഷേവിക്കുകളല്ല ജി 23,” മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ നയിക്കാന്‍ ഗാന്ധി കുടുംബത്തിന് മാത്രമേ കഴിയൂ എന്നതാണ് വാസ്തവമെന്നും താല്‍ക്കാലിക പ്രസിഡന്റായാലും സ്ഥിരം പ്രസിഡന്റായാലും അത് ഗാന്ധി കുടുംബാംഗമായിരിക്കണമെന്നും അതല്ലാതെ മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
”2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തീര്‍ച്ചയായും അന്നത് ശരിയായ ദിശയിലുള്ള തീരുമാനമായിരുന്നു. പക്ഷേ, രാജിവെച്ച ശേഷം അദ്ദേഹം പറഞ്ഞത് തന്റെ സഹോദരിയോ അമ്മയോ പ്രസിഡന്റ് സ്ഥാനത്തേക്ക് വരില്ലെന്നാണ്. അത് ശരിയായിരുന്നില്ല. കാരണം കോണ്‍ഗ്രസ് പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. എന്തായാലും അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഒരു നേതാവ് ഇതുവരെ കോണ്‍ഗ്രസിനെ നയിക്കാന്‍ മുന്നോട്ടു വന്നിട്ടില്ല. ഐറിഷ് നാടകകൃത്ത് സാമുവല്‍ ബെക്കറ്റിന്റെ ‘ ഗോദോയെ കാത്ത്’ എന്ന നാടകമാണ് ഓര്‍മ്മ വരുന്നത്. ഗോദൊയെ കാത്തിരിക്കുന്നതല്ലാതെ ഗോദൊ വരുന്നില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.