മണി സുപ്രീംകോടതിയിലേക്ക്: അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല
Kerala
മണി സുപ്രീംകോടതിയിലേക്ക്: അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd July 2012, 10:23 am

തൊടുപുഴ: വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ നിയമക്കുരുക്കില്‍പ്പെട്ട സി.പി.ഐ.എം ഇടുക്കി  മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മണി അന്വേഷണ സംഘത്തെ സമീപിച്ചു. പത്ത് ദിവസത്തെ സമയമാണ് മണി ആവശ്യപ്പെട്ടിരിക്കുന്നത്.

മണിയുടെ ആവശ്യം സംബന്ധിച്ച് അന്വേഷണ സംഘം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഐ.ജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ യോഗത്തിനുശേഷമേ ഇതുസംബന്ധിച്ച കാര്യത്തില്‍ തീരുമാനമാകൂ.

അന്വേഷണ സംഘത്തിന് മുന്നില്‍ മണി സ്വമേധയാ ഹാജരാകാന്‍ തയ്യാറാവാത്തതിനാല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയുമുണ്ട്. തന്നെ അറസ്റ്റു ചെയ്താല്‍ പാര്‍ട്ടി അണികളുടെ സ്വഭാവികമായ വികാരപ്രകടനങ്ങളുണ്ടാകുമെന്ന് മണി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇന്നു രാവിലെ പത്തിനു തൊടുപുഴ ഡിവൈ.എസ്.പി. ഓഫീസില്‍ ഹാജരാകാന്‍ അന്വേഷണ സംഘം മണിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മണി ഹാജരാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെയും മണിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മണി ഹാജരായിരുന്നില്ല.

തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  സുപ്രീംകോടതിയെ സമീപിക്കാനും മണി തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ കൊച്ചിയില്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ ദാമോദരനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മണി ഇക്കാര്യം അറിയിച്ചിരുന്നു. പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്ത നിയമനടപടി റദ്ദാക്കണമെന്ന മണിയുടെ ആവശ്യം കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

രാഷ്ട്രീയ ഏതിരാളികളെ പാര്‍ട്ടി വകവരുത്തിയിട്ടുണ്ടെന്ന മണിയുടെ പ്രസംഗമാണ് വിവാദമായത്. ഇടുക്കിയില്‍ നടന്ന മൂന്ന് കൊലപാതകങ്ങള്‍ അക്കമിട്ട് പറഞ്ഞായിരുന്നു മണിയുടെ പ്രസംഗം. ഇതേ തുടര്‍ന്ന് പാര്‍ട്ടി ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് മണിയെ പുറത്താക്കിയിരുന്നു.