|

തിയേറ്ററിലെ ആദ്യ പത്ത് റോ കാലി, ആ പടത്തിന് ശേഷം റിലീസ് ചെയ്ത എന്റെ ചിത്രങ്ങള്‍ തിയേറ്ററില്‍ കാണുന്നത് നിര്‍ത്തി: മണി രത്‌നം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രേവതി, മോഹന്‍, കാര്‍ത്തിക് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മണി രത്‌നത്തിന്റെ സംവിധാനത്തില്‍ 1986ല്‍ പുറത്ത് വന്ന ചിത്രമാണ് മൗനരാഗം. ചിത്രം റിലീസ് ചെയ്ത സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മണി രത്‌നം.

ചിത്രം റിലീസ് ചെയ്ത രണ്ടാം നാള്‍ താന്‍ നഗരത്തിന് പുറത്തുള്ള തിയേറ്ററില്‍ ചിത്രം കാണാന്‍ പോയെന്നും ആദ്യത്തെ പത്ത് റോ കാലിയായിരുന്നുവെന്നും മണി രത്‌നം പറഞ്ഞു. അതിന് ശേഷം റിലീസ് ചെയ്ത തന്റെ പടങ്ങള്‍ തിയേറ്ററില്‍ പോയി കാണുന്നത് നിര്‍ത്തിയെന്നും മണി രത്‌നം പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മൗനരാഗം റിലീസായതിന് ശേഷം സിറ്റിയില്‍ നിന്നും പുറത്തുള്ള ഒരു തിയേറ്ററില്‍ പോയി കണ്ടു. അതിന് ശേഷം റിലീസായ എന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കാണുന്നത് നിര്‍ത്തി.

അന്ന് തിയേറ്ററില്‍ കയറി നോക്കിയപ്പോള്‍ ആദ്യത്തെ പത്ത് റോ കാലിയാണ്. സിനിമ റിലീസ് ചെയ്ത രണ്ടാമത്തെ ദിവസമാണ്. ശരി നമുക്കിങ്ങനെയൊക്കെയേ ഉള്ളൂ എന്ന് വിചാരിച്ചു. പടം കഴിഞ്ഞ പുറത്ത് വന്നപ്പോള്‍ മുണ്ട് മടക്കികുത്തി ഒരാള്‍ നിന്ന് പറയുകയാണ്, എന്താടാ ഈ ചെയ്തിരിക്കുന്നത്, ആ പെണ്ണിന് നാല് അടി കൊടുത്താല്‍ ഈ പ്രശ്‌നമെല്ലാം തീരില്ലേ എന്ന്. ശരിയാണല്ലോ എന്ന് ഞാനും വിചാരിച്ചു.

അയാള്‍ പറയുന്നതിനേട് എനിക്ക് യോജിപ്പില്ല, എന്നാല്‍ ആ വിഷയം ഉന്നയിച്ച് വയലന്‍സ് ഒന്നിനുമുള്ള പരിഹാരമല്ല എന്ന് ഞാന്‍ പറയേണ്ടതായിരുന്നു. അയാളുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഞാന്‍ ചിന്തിച്ചതേയില്ല. വൈവാഹിക ജീവിതത്തിലെ പ്രശനങ്ങള്‍ അങ്ങനെ പരിഹരിക്കുന്നവരുണ്ട്. അയാള്‍ പറഞ്ഞത് സ്വീകരിക്കണമെന്നില്ല, എന്നാല്‍ അതിലൂടെ ഓരോ കാര്യങ്ങള്‍ നാം പഠിക്കുന്നുണ്ട്,’ മണി രത്‌നം പറഞ്ഞു.

Content Highlight: Mani ratnam talks about mounaragam movie