മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ട് പലപ്പോഴും അത്ഭുതപ്പെട്ട് നിന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെന്നും സംവിധായകന്‍ മണി രത്‌നം.
ഭരദ്‌വാജ് രംഗനുമായി നടത്തിയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് മണി രത്‌നം സംസാരിക്കുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പല മലയാള സിനിമകളിലും ലാസ്റ്റ് മിനിട്ടില്‍ സ്‌ക്രിപ്റ്റ് എഴുതി മുഴുവനാകുകയും സീനുകളൊക്കെ ഷൂട്ടിന് തൊട്ടുമുമ്പ് മാത്രം എഴുതുകയും ചെയ്യുന്ന അവസ്ഥയില്‍ എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കുന്നത് എന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട് എന്നാണ് മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ പറയുന്നത്.
”ഇരുവര്‍ ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞാന്‍ മോഹന്‍ലാലുമായി സംസാരിക്കുമായിരുന്നു. ഈ മനുഷ്യന്റെ പ്രകടനം കണ്ട് ഞാന്‍ എപ്പോഴും അമേസ്ഡ് ആയിട്ടുണ്ട്.
പുള്ളി ചെയ്യുന്ന ചില മലയാള സിനിമകളിലൊക്കെ ലാസ്റ്റ് മിനിട്ടിലായിരിക്കും സ്‌ക്രിപ്റ്റ് എഴുതി മുഴുവനാകുക, സീനുകളൊക്കെ ഷൂട്ടിന് തൊട്ടുമുമ്പ് എഴുതുന്നേ ഉണ്ടാവുകയുള്ളൂ. എന്നിട്ടും ആ ക്യാരക്ടറിനെ കുറിച്ചുള്ള ബ്യൂട്ടിഫുളായ ഒരു ത്രെഡ് പുള്ളിക്ക് കിട്ടും. അത്രയും കണ്‍സിസ്റ്റന്റാണ്.
അദ്ദേഹം അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് കേട്ടിട്ട് ആ വ്യക്തി എങ്ങനെയാണ് എന്ന് മനസിലാക്കുകയാണോ എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.
ഇതിനെക്കുറിച്ച് അദ്ദേഹം മനോഹരമായ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ‘ഞാന്‍ ഒരു ഗോള്‍ കീപ്പറാണ്. നിങ്ങള്‍ ഈ സൈഡിലേക്കാണ് ബോള്‍ കിക്ക് ചെയ്യുന്നതെങ്കില്‍ ഞാന്‍ ഈ ഭാഗത്തേക്ക് ഡൈവ് ചെയ്യും.
നിങ്ങള്‍ മറുവശത്തുകൂടെയാണ് കിക്ക് ചെയ്യുന്നതെങ്കില്‍ ഞാന്‍ ആ ഭാഗത്തേക്ക് ഡൈവ് ചെയ്യും,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് വളരെ സത്യമാണ്. അന്ന് പറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്.
അതാണ് ഇപ്പോള്‍ നമ്മള്‍ ചെയ്യുന്നത്. ആ കഥാപാത്രം ഒരു പ്രത്യേക രീതിയിലാണ് പോകുന്നതെങ്കില്‍ നമ്മള്‍ നമ്മളെത്തന്നെ അവിടെ എത്തിക്കാന്‍ ശ്രമിക്കും,” മണി രത്‌നം പറഞ്ഞു.
മണി രത്‌നം ചിത്രമായ ഇരുവറില്‍ നായകനായി എത്തിയത് മോഹന്‍ലാലായിരുന്നു. തമിഴ് ക്ലാസിക് സിനിമയായി മാറിയ ഇരുവറില്‍ ഐശ്വര്യ റായ്, തബു, പ്രകാശ് രാജ് എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.
Content Highlight: Mani Ratnam talks about Mohanlal