| Tuesday, 27th September 2022, 1:05 pm

പൊന്നിയന്‍ സെല്‍വന്‍ തമിഴ് ഗെയിം ഓഫ് ത്രോണ്‍സോ? തഗ്ഗ് മറുപടിയുമായി മണി രത്‌നം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യയിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമാണ് മണി രത്‌നം ചിത്രം പൊന്നിയന്‍ സെല്‍വന്‍. തൃഷ, ജയം രവി, കാര്‍ത്തി, വിക്രം, ഐശ്വര്യ റായി, ഐശ്വര്യം ലക്ഷ്മി, ജയറാം എന്നിങ്ങനെ വമ്പന്‍ താരനിരയുമായാണ് പൊന്നിയന്‍ സെല്‍വന്‍ റിലീസിന് ഒരുങ്ങുന്നത്.

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നായ കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വനെ അടിസ്ഥാനമാക്കിയാണ് മണി രത്‌നം ചിത്രം അണിയിച്ചൊരിക്കുന്നത്. കഥാപാത്രങ്ങളുടെ ആധിക്യം കൊണ്ടും കഥയുടെ സങ്കീര്‍ണത കൊണ്ടും ലോകപ്രശസ്ത സീരിസായ ഗെയിം ഓഫ് ത്രോണ്‍സിനോടാണ് പലരും പൊന്നിയിന്‍ സെല്‍വനെ താരതമ്യപ്പെടുത്തുന്നത്.

മണി രത്‌നത്തോട് തന്നെ ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ഗെയിം ഓഫ് ത്രോണ്‍സിന്റെ തമിഴ് വേര്‍ഷനാണ് പൊന്നിയിന്‍ സെല്‍വനെന്ന പ്രസ്താവനയോട് അദ്ദേഹം യോജിച്ചില്ല. പകരം ‘പൊന്നിയന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്റെ ഇംഗ്ലീഷ് വേര്‍ഷനാണ് ഗെയിം ഓഫ് ത്രോണ്‍സ്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

സെപ്റ്റംബര്‍ 30നാണ് പൊന്നിയന്‍ സെല്‍വന്‍ റിലീസ് ചെയ്യുന്നത്. ഞായറാഴ്ച അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. ഇത് ഏറ്റവും വലിയ ഓപ്പണിങ് ആണെന്ന് ട്രേഡ് വൃത്തങ്ങള്‍ പറയുന്നു.

വെളളിയാഴ്ച ഉച്ചയോടെ 78,000 ടിക്കറ്റുകളാണ് വിറ്റത്. ഇതിന് 1.46 കോടി രൂപ ലഭിച്ചു. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നിന്ന് മാത്രം 1.37 കോടിയും തെലുങ്ക് പതിപ്പില്‍ നിന്ന് ഏകദേശം 9 ലക്ഷം രൂപയും ലഭിച്ചു. ഇനിയും ഉയരാനുള്ള സാധ്യതയും ട്രേഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

Content Highlight: mani ratnam said game of Thrones is the English version of Ponnion Selvan Part 1

We use cookies to give you the best possible experience. Learn more