അതെന്താ നിങ്ങള്‍ക്ക് ഒറിജിനല്‍ സ്വര്‍ണം പറ്റില്ലേ, വ്യാജന്‍ തന്നെ വേണോ ?; മലയാളി മാധ്യമ പ്രവര്‍ത്തകനോട് മണി രത്‌നം
Entertainment
അതെന്താ നിങ്ങള്‍ക്ക് ഒറിജിനല്‍ സ്വര്‍ണം പറ്റില്ലേ, വ്യാജന്‍ തന്നെ വേണോ ?; മലയാളി മാധ്യമ പ്രവര്‍ത്തകനോട് മണി രത്‌നം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd September 2022, 1:43 pm

തമിഴ്‌നാട്ടിലെ ചോളരാജക്കന്മാരുടെ കഥ പറയുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാലോകം. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് സിനിമയുടെ ക്രൂ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊന്നിയിന്‍ സെല്‍വന്‍ ടീം പ്രൊമോഷന്‍ ഇവന്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രസ് മീറ്റുകളിലും അഭിമുഖങ്ങളിലുമായി സിനിമയുടെ വിശേഷങ്ങള്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കുവെക്കുന്നുണ്ട്.

 

സംവിധായകന്‍ മണി രത്‌നവും തന്റെ സ്വപ്‌ന ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. 2019 മുതല്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ വിവിധ ഘട്ടങ്ങളെ പറ്റിയും ഷൂട്ടിംഗ് പ്രോസസിനെ പറ്റിയും മണി രത്‌നം സംസാരിക്കുന്നത് ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ കേള്‍ക്കുന്നത്.

കഴിഞ്ഞ ദിവസം കേരളത്തിലും പൊന്നിയിന്‍ സെല്‍വന്‍ ടീം എത്തിയിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന മെഗാ പ്രൊമോഷന്‍ ഇവന്റിന് ശേഷം കൊച്ചിയിലേക്കും സംഘമെത്തിയിരുന്നു.

ഇവിടെ വെച്ച് രസകരമായ ചോദ്യമാണ് മണി രത്‌നത്തോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. അതിനോട് അതിനേക്കാള്‍ രസിപ്പിക്കുന്ന മറുപടിയാണ് സംവിധായകന്‍ നല്‍കിയത്.

രാജക്കന്മാരും രാജ്ഞിമാരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. സാധാരണ സിനിമകളില്‍ ഉപയോഗിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഒറിജിനല്‍ സ്വര്‍ണാഭരണങ്ങള്‍ തന്നെയാണ് പൊന്നിയിന്‍ സെല്‍വനില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇതേ കുറിച്ചായിരുന്നു കൊച്ചി പ്രസ് മീറ്റില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. എന്തുകൊണ്ടാണ് ഒറിജിനല്‍ ഗോള്‍ഡ് തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

എന്തെങ്കിലും ഒറിജിനലാകുന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നായിരുന്നു ഇതിനോടുള്ള മണി രത്‌നത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. ‘എന്താ നിങ്ങള്‍ക്ക് ഫേക്ക് ഐറ്റംസ് മാത്രമേ വേണ്ടതുള്ളു എന്നാണോ. ഒറിജിനല്‍ ഗോള്‍ഡ് പറ്റില്ലേ,’ മണി രത്‌നം ചോദിച്ചു.

സ്വര്‍ണം മാത്രമല്ല കുതിരകളും ഒറിജിനലാണെന്ന് വിക്രം കൂടി പറഞ്ഞത് സദസില്‍ കൂടുതല്‍ ചിരി പടര്‍ത്തി. മണി സാറിന്റെ സിനിമകള്‍ എപ്പോഴും നൂറ് ശതമാനവും ഒറിജിനലായിരിക്കുമെന്നായിരുന്നു ഇതിനിടയില്‍ അവതാരകന്റെ കമന്റ്.

പ്രശസ്ത സാഹിത്യകാരന്‍ കല്‍ക്കിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു അരുള്‍മൊഴി വര്‍മന്‍ എന്ന രാജരാജ ചോളന്‍. പൊന്നിയിന്‍ സെല്‍വന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസാണ്. മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Content Highlight: Mani Ratnam’s funny reply to Malayalee journalist about using gold ornaments in Ponniyin Selvan