|

ഇടുക്കി സീറ്റിനേക്കാള്‍ പ്രധാനം കസ്തൂരിരംഗന്‍: മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കോട്ടയം: കസ്തൂരിരംഗന്‍ വിഷയത്തില്‍ കരടുവിജ്ഞാപനം അടിയന്തിരമായി ഇറക്കണമെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി.

ഇടുക്കി സീറ്റിനേക്കാള്‍ പ്രധാനം കസ്തൂരിരംഗന്‍ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗന്‍ വിഷയത്തില്‍ വ്യക്തവും ശക്തവുമായ നടപടികളാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്.

കരടുവിജ്ഞാപനം ഇറങ്ങാത്തതില്‍ പ്രതിഷേധവും ഉത്കണ്ഠയും അമര്‍ഷവുമുണ്ടെന്നും കെ.എം മാണി അറിയിച്ചു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. വിജ്ഞാപനം ഉടന്‍തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ- മാണി അറിയിച്ചു.

ഇടുക്കി സീറ്റ് കോണ്‍ഗ്രസിന്റേതാണെന്ന് പി.പി തങ്കച്ചന്‍ പറഞ്ഞത് ശരിയായില്ലെന്നും കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാരസമിതിയോഗത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ തിങ്കളാഴ്ച നടക്കുന്ന ഉഭയകക്ഷിയോഗത്തിനു ശേഷം പറയാമെന്നും കെ.എം മാണി അറിയിച്ചു.

അതേസമയം കസ്തൂരിരംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ടായി.
കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ പി.സി ജോസഫ് കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. അതിന് പിറകെ കേരള കോണ്‍ഗ്രസ് സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ പദവി ഡോ.കെ.സി ജോസഫും രാജിവെച്ചു.