പാലാ: കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപ തെരഞ്ഞെടുപ്പ് വരുന്ന പാലാ മണ്ഡലത്തില്‍ മാണി സി കാപ്പനെ മത്സരിപ്പിക്കാന്‍ എന്‍.സി.പി തീരുമാനം. കോട്ടയത്ത് ചേര്‍ന്ന എന്‍.സി.പി നേതൃയോഗത്തിലാണ് തീരുമാനം. കേന്ദ്ര, സംസ്ഥാന കമ്മിറ്റികളുടെ തീരുമാനം പാലായില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി അംഗീകരിച്ചു.
തീരുമാനം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും തീരുമാനം മുന്നണിയില്‍ അറിയിക്കുമെന്നും എന്‍.സി.പി ദേശീയ സമിതി അംഗം സുല്‍ഫീക്കര്‍ മയൂരി അറിയിച്ചു.
എന്‍.സി.പി സ്ഥിരം മത്സരിക്കുന്ന സീറ്റുകളിലൊന്നാണ് പാല. അവസാനം നടന്ന മൂന്നു നിയമസഭാ തെരഞ്ഞടുപ്പുകളില്‍ മാണി സി കാപ്പനായിരുന്നു കെ.എം മാണിയ്‌ക്കെതിരായ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. 2001ല്‍ ഉഴവൂര്‍ വിജയനാണ് കെ.എം മാണിക്കെതിരെ മത്സരിച്ചത്. 2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ മാണി സി കാപ്പന്‍ കെ.എം മാണിയോട് മത്സരിച്ചു തോറ്റിരുന്നു.
അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിഷ കെ. ജോസ് വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.