കാപ്പന്‍ മുന്നണി വിടില്ല; പാലാ സീറ്റിനെ ചൊല്ലി ഒരു തര്‍ക്കവുമില്ല; പ്രതികരിച്ച് സി.പി.ഐ.എം
Kerala News
കാപ്പന്‍ മുന്നണി വിടില്ല; പാലാ സീറ്റിനെ ചൊല്ലി ഒരു തര്‍ക്കവുമില്ല; പ്രതികരിച്ച് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th January 2021, 2:22 pm

കണ്ണൂര്‍: പാല സീറ്റിനെ ചൊല്ലി ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ലെന്ന് മന്ത്രി ഇ. പി ജയരാജന്‍. മാണി സി. കാപ്പന്‍ മുന്നണി വിടില്ലെന്നും ജയരാജന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ പാലാ സീറ്റ് സംബന്ധിച്ച് ഉറച്ച നിലപാടുമായാണ് എന്‍.സി.പി രംഗത്തെത്തിയിരിക്കുന്നത്. പാലാ സീറ്റ് ഒരു തരത്തിലും വിട്ടു നല്‍കില്ലെന്നാണ് സിറ്റിംഗ് എം.എല്‍.എ കൂടിയായ മാണി സി. കാപ്പന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് മാണി സി. കാപ്പന്‍ വിട്ട് നിന്നിരുന്നു. പവാറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്നാണ് കാപ്പന്‍ അറിയിച്ചത്.

പാലാ സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കാപ്പന്‍ മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. കാപ്പനെ മുന്നണിയലേക്ക് ക്ഷണിച്ച് യു.ഡി.എഫും രംഗത്തെത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ആദ്യമായാണ് എല്‍.ഡി.എഫ് പരസ്യമായി പ്രതികരിക്കുന്നത്.

കേരളാ കോണ്‍ഗ്രസ് (എം). എല്‍.ഡി.എഫിലേക്ക് വന്നതോടെയാണ് പാലാ സീറ്റ് സംബന്ധിച്ച് എന്‍.സി.പിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

പാലാ സീറ്റില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ പറഞ്ഞത്. മുന്നണി വിടില്ലെന്നും പീതാംബരന്‍ പറഞ്ഞിരുന്നു.

എന്‍.സി.പിക്കുള്ളിലും പാലാ സീറ്റിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇല്ലാതാക്കണമെന്ന് എന്‍.സി.പി മുന്നണിയോട് ആവശ്യപ്പെടുമെന്നാണഅ റിപ്പോര്‍ട്ടുകള്‍.

ഭിന്നത നിലനില്‍ക്കെ ടി. പി പീതാംബരനും എ. കെ ശശീന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mani C. Kappan won’t leave LDF says EP Jayarajan