| Sunday, 11th October 2020, 11:13 am

'പാല മാണിക്ക് ഭാര്യയെങ്കില്‍ എനിക്ക് ചങ്ക്'; ജയിച്ച സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുനല്‍കി ഒത്തുതീര്‍പ്പില്ലെന്ന് മാണി സി.കാപ്പന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുറുകവേ നിലപാട് വ്യക്തമാക്കി എന്‍.സി.പി. എന്‍.സി.പിയുടെ അക്കൗണ്ടിലുള്ള സീറ്റ് വിട്ടുനല്‍കി ജോസ് കെ. മാണിക്ക് മുന്നണിപ്രവേശനം ഒരുക്കില്ലെന്ന് മാണി.സി കാപ്പന്‍ തുറന്നടിച്ചു.

എന്‍.സി.പി വിജയിച്ച മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കി കൊണ്ടുള്ള ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. ഇപ്പോള്‍ വൈകാരിക ബന്ധം പറഞ്ഞ് വരുന്നതില്‍ പ്രസക്തിയുമില്ല. പാല മാണിക്ക് ഭാര്യയാണെങ്കില്‍ എനിക്ക് ചങ്കാണ് മാണി സി. കാപ്പന്‍ പറഞ്ഞു.

പാലയ്ക്ക് പകരം രാജ്യസഭ സീറ്റ് എന്ന ഒത്തുതീര്‍പ്പിലേക്ക് ഒരിക്കലും എന്‍.സി.പി എത്തില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ജയിച്ച സീറ്റ് ഒരു കാരണവശാലും വിട്ടു നല്‍കേണ്ടതില്ല എന്നു തന്നെയാണ് കേന്ദ്ര നേതൃത്വം അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എം. മാണിയോട് മൂന്ന് തവണ മത്സരിച്ച് പൊരുതി നേടിയ സീറ്റാണ്. അത് വിട്ട് നല്‍കാന്‍ ഒരു കാരണവശാലും തയ്യാറല്ല എന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ജോസ് കെ.  മാണിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല.

വാര്‍ത്തകളിലൂടെ മാത്രമാണ് വിവരങ്ങള്‍ അറിയുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ നിന്നും ആരും തന്നെ എന്‍.സി.പിയെ  സമീപിച്ചിട്ടില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.

നേരത്തെ ജോസ് കെ. മാണിയുടെ ഇടതുപക്ഷ പ്രവേശനത്തെ സ്വാഗതം ചെയ്ത് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. അതേസമയം ജോസ് കെ. മാണി പക്ഷം ഇടതുമുന്നണിയിലേക്ക് വരുന്നതിനോട് സി.പി.ഐ നേതൃത്വത്തിന് യോജിപ്പില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mani c Kappan says wont give his seat to Jose K Mani If he enters in LDF

We use cookies to give you the best possible experience. Learn more