|

ഇനി ചര്‍ച്ചയില്ല, തീരുമാനം മാത്രം; എല്‍.ഡി.എഫില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് പ്രഫുല്‍ പട്ടേലും; മുന്നണി മാറ്റത്തില്‍ ഇന്ന് പ്രഖ്യാപനമെന്ന് കാപ്പന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.സി.പി ഇടതുമുന്നണി വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേശീയ നേതൃത്വം ഇന്ന് നിലപാട് പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പന്‍. ദല്‍ഹിയില്‍ പ്രഫുല്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി. പി പീതാംബരനും മാണി സി. കാപ്പനും.

പാര്‍ട്ടിയോട് ഇടതുമുന്നണി നീതി കാണിച്ചില്ലെന്ന് ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞതായും എം.എല്‍.എ മാണി സി. കാപ്പന്‍ പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരദ് പവാറുമായി വൈകീട്ട് ചേരുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മുന്നണി മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിക്കും. അന്തിമ തീരുമാനം വരുന്നതിനായി കാത്തിരിക്കുകയാണ് കേരളത്തിലെ എന്‍.സി.പി നേതൃത്വം. ഇനി ചര്‍ച്ചയില്ലെന്നും തീരുമാനം മാത്രമേ ഉള്ളുവെന്നും കാപ്പന്‍ പറഞ്ഞു.

പാലാ സീറ്റ് ലഭിക്കാത്ത പക്ഷം യു.ഡി.എഫിലേക്ക് പോകുമെന്ന് മാണി സി. കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായില്‍ എത്തുന്നതിന് മുമ്പ് മുന്നണി പ്രവേശനത്തില്‍ തീരുമാനം അറിയിക്കണമെന്നാണ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.

അതേസമയം എന്‍.സി.പി നേതാവും മന്ത്രിയുമായ എ. കെ. ശശീന്ദ്രന്‍ എല്‍.ഡി.എഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്‍.സി.പി യു.ഡി.എഫിലേക്ക് പോയാലും ശശീന്ദ്രന്‍ പക്ഷം എല്‍.ഡി.എഫില്‍ ഉറച്ച് നില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാപ്പനോട് യു.ഡി.എഫില്‍ നിന്ന് പോകരുതെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

പാലാ സീറ്റില്‍ മാത്രമേ തര്‍ക്കമുള്ളുവെന്നും ഈയൊരൊറ്റ കാര്യത്തിന് മേല്‍ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമാണ് ശശീന്ദ്രന്‍ അറിയിച്ചിരുന്നത്. കേരളത്തിലെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം മുന്നണി വിടേണ്ടതില്ല എന്ന നിലപാടിലാണെന്നും തുടര്‍ഭരണ സാധ്യതയടക്കം ഇത്തവണ നിലനില്‍ക്കുന്നുണ്ടെന്നുമാണ് ശശീന്ദ്രന്‍ പറയുന്നത്. ഒരു സീറ്റിന്റെ പേരില്‍ പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞിരുന്നു.

അതേസമയം ദേശീയ നേതൃത്വം നേരത്തെ എ. കെ ശശീന്ദ്രനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mani C. Kappan says Praful Patel will decide today

Latest Stories

Video Stories