തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ചേരാനില്ലെന്ന് വ്യക്തമാക്കി എന്‍.സി.പി വിട്ട് യു.ഡി.എഫ് പാളയത്തിലെത്തിയ മാണി സി. കാപ്പന്‍. കോണ്‍ഗ്രസില്‍ ചേര്‍ന്ന് താന്‍ പ്രവര്‍ത്തിക്കണമെന്നത് മുല്ലപ്പള്ളിയുടെ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫുമായി സഹകരിച്ച് പോകാനാണ് ഉദ്ദേശമെന്നും കാപ്പന്‍ പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഉണ്ടാകുമെന്നും കാപ്പന്‍ വ്യക്തമാക്കി.
തന്റെ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടിയായി മുന്നോട്ട് പോകുമ്പോള്‍ മൂന്ന് സീറ്റോളം ലഭിക്കുമെന്നാണ് കരുതുന്നതെന്നും കാപ്പന്‍ പറഞ്ഞു.
പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് എല്‍.ഡി.എഫ് വിട്ട മാണി സി. കാപ്പന്‍ യു.ഡി.എഫ് പാളയത്തിലെത്തുന്നത്. എന്നാല്‍ എല്‍.ഡി.എഫ് വിട്ട കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെ എന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടുത്തിടെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലും മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞിരുന്നു. കോണ്‍ഗ്രസിലെക്ക് വന്നാല്‍ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ കാപ്പന് മത്സരിക്കാമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
മാണി സി. കാപ്പന്‍ പോയത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് എന്‍.സി.പി. ഇടതുപക്ഷത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്നും മാണി സി. കാപ്പന്‍ വിശ്വാസവഞ്ചന കാണിച്ചെന്നും എന്‍.സി.പി നേതാക്കളുള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നു.