| Sunday, 14th February 2021, 9:40 am

പാലായില്‍ ഇടതുപക്ഷം തന്നെ വിജയിക്കുമെന്ന് ടി.പി പീതാംബരന്‍; കാപ്പന്‍ പാലാ സീറ്റ് ചര്‍ച്ചകള്‍ തന്നെ അടച്ചു കളഞ്ഞുവെന്ന് ശശീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: പാലായില്‍ ഇടതുപക്ഷം തന്നെ വിജയിക്കുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍. മുഖ്യമന്ത്രി കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന അഭിപ്രായമില്ലെന്നും കാപ്പന്‍ പോകുന്നത് എന്‍.സി.പിക്ക് ക്ഷീണമാണെന്നും ടി.പി. പീതാംബരന്‍ അഭിപ്രായപ്പെട്ടു.

മാണി സി.കാപ്പന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും ടി.പി പീതാംബരന്‍ കൂട്ടിച്ചേര്‍ത്തു.

”പാലാ സീറ്റ് നഷ്ടപ്പെട്ടത് പാര്‍ട്ടിക്കൊരു ക്ഷീണം തന്നെയാണ്. സീറ്റ് അനുവദിക്കണമെന്ന് നിരവധി തവണ എന്‍.സി.പി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടതാണ്. അദ്ദേഹം അവിടുത്തെ എം.എല്‍.എ ആയിരുന്ന ആളാണ്. അപ്പോള്‍ അദ്ദേഹത്തിനും അതിന്റേതായ പ്രയാസങ്ങള്‍ ഉണ്ട്.

അതുകൊണ്ട് ഒരു വഞ്ചന എന്ന നിലയ്ക്ക് ഞാനതിനെ കാണുന്നില്ല. കാപ്പന്‍ തന്റെ പ്രയാസങ്ങള്‍ കൊണ്ട് രാജിവെച്ച് പോകുന്നു. മാണി.സി കാപ്പന്‍ പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ പാര്‍ട്ടിക്ക് സ്വാഭാവികമായും ക്ഷീണമുണ്ടാകും,” ടി.പി പീതാംബരന്‍ കൂട്ടിച്ചേര്‍ത്തു.

പാലായില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്ന് മാണി.സി കാപ്പന്‍ പ്രതികരിച്ചിരുന്നു. അതേസമയം കാപ്പന്റെ നിലപാട് മാറ്റം പാലയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തന്നെ അപ്രസക്തമാക്കിയെന്നും എന്‍.സി.പി പിടിച്ചെടുത്ത മണ്ഡലമെന്ന നിലയില്‍ പാലാ സീറ്റില്‍
അവകാശവാദം ഉന്നയിക്കാനുള്ള അവസരം കാപ്പന്‍ ഇല്ലാതാക്കിയെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

കാപ്പന്റെ തീരുമാനം വൈകാരികമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്നത് അദ്ദേഹത്തിന്റെ മനോധര്‍മ്മം എന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാരില്‍ നിന്ന് കിട്ടിയ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളും പാര്‍ട്ടി സ്ഥാനങ്ങളും രാജിവെക്കുമെന്ന് പറഞ്ഞ കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്നാണ് വ്യക്തമാക്കിയത്.എന്‍.സി.പിയില്‍ നിന്ന് രാജിവെച്ചുവെന്നും കാപ്പന്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mani C Kappan Resigned fro NCP

We use cookies to give you the best possible experience. Learn more