കോട്ടയം: പാലാ നിയമസഭാ സീറ്റ് നഷ്ടപ്പെട്ടാല്‍ മാണി സി. കാപ്പന്‍ യു.ഡി.എഫില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമി ഡോട്ട് കോമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജോസ് കെ.മാണി ഇടതുമുന്നണിയിലെത്തുകയാണെങ്കില്‍ പാലാ സീറ്റ് എന്‍.സി.പിയ്ക്ക് നഷ്ടമാകാനാണ് സാധ്യത. ഇത് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃത്വവുമായി മാണി സി. കാപ്പന്‍ സംസാരിച്ചുവെന്നും പിന്നീട് സംസ്ഥാന നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ചര്‍ച്ചകള്‍ നടത്തിയെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നേരത്തെ പാലാ സീറ്റില്‍ അവകാശവാദമുന്നയിച്ച് ജോസ് കെ. മാണിയും മാണി സി. കാപ്പനും പരസ്യമായി രംഗത്തെത്തിയിരുന്നു. എന്‍.സി.പി.ക്ക് രാജ്യസഭാസീറ്റ് നല്‍കി കാപ്പനെ അനുനയിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു സി.പി.ഐ.എം.
എ.കെ. ശശീന്ദ്രനും ടി.പി. പീതാംബരനും ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് ഇതിനോട് കടുത്ത എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പാല തന്റെ ചങ്കാണ് എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി സി കാപ്പന്‍.
നേരത്തെ കേരള കൗമുദി ഓണ്‍ലൈനും മാണി സി. കാപ്പന്‍ യു.ഡി.എഫിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രത്തില്‍ യു.പി.എയുടെ ഭാഗമായ എന്‍.സി.പി കേരളം ഒഴിച്ചുളള മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ്. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറേ സര്‍ക്കാരിന് എന്‍.സി.പിയും കോണ്‍ഗ്രസും ഒരുമിച്ചാണ് പിന്തുണ നല്‍കുന്നത്.
സംസ്ഥാനത്ത് നിലവില്‍ രണ്ട് എം.എല്‍.എമാരാണ് എന്‍.സി.പിക്കുളളത്. മന്ത്രിയായ എ.കെ ശശീന്ദ്രന് പുറമെ മാണി സി കാപ്പനാണ് മറ്റൊരു എം.എല്‍.എ. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മാണി സി. കാപ്പന്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പാല മാണി വിഭാഗം അഞ്ച് പതിറ്റാണ്ട് കൈവശം വച്ചിരുന്ന സീറ്റായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mani C Kappan NCP Kerala Politics Jose K Mani UDF LDF