പാലായില്‍ ജയിച്ചത് എല്‍.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട്, പിണറായി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു: മാണി സി. കാപ്പന്‍
Kerala Assembly Election 2021
പാലായില്‍ ജയിച്ചത് എല്‍.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട്, പിണറായി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു: മാണി സി. കാപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th February 2021, 5:00 pm

കോട്ടയം: ഇടതുമുന്നണി വിടാന്‍ താന്‍ നിര്‍ബന്ധിതമായതാണെന്ന് മാണി സി. കാപ്പന്‍. പാലായില്‍ ജയിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനംകൊണ്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സി.പി.ഐ.എമ്മിന്റെയും സി.പി.ഐയുടെയും ഒരുപാട് നേതാക്കളും മന്ത്രിമാരും മുഖ്യമന്ത്രിയുമടക്കം പ്രചാരണത്തിനെത്തി. അതിന്റെയൊക്കെ ഭാഗമായാണ് അവിടെ വിജയിക്കാന്‍ സാധിച്ചത്. അതൊന്നും വിസ്മരിക്കാന്‍ ഞാന്‍ തയ്യാറല്ല’, കാപ്പന്‍ പറഞ്ഞു.

ഇടതുമുന്നണി തന്നോട് കാണിച്ചത് ചതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എം മാണി പാലാ മുന്‍സിപ്പല്‍ ടൗണ്‍ കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെങ്കില്‍, ആ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും ആളുകള്‍ക്ക് അവകാശപ്പെട്ടതാണെന്ന തരത്തിലാണ് താന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും കാപ്പന്‍ പറഞ്ഞു.

‘പാലായില്‍ നടത്തിയ പല വികസനപ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി നേരിട്ടിടപെട്ട് സഹായിച്ചതാണ്. പക്ഷെ പല ഭാഗത്തുനിന്നും ഭരണത്തിനെതിരെ ആരോപണങ്ങള്‍ ഇപ്പോള്‍ വരുന്നു. ഒരുപാട് കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണിത്. പക്ഷെ ഗവണ്‍മെന്റിനെതിരെ ഉയരുന്ന ആരോപണങ്ങള്‍, ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ അതൊക്കെ തീര്‍ച്ചയായിട്ടും ദൂഷ്യം ചെയ്യും’, കാപ്പന്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുള്ള സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എന്‍.സി.പിയില്‍ നിന്നും പുറത്തായ മാണി.സി.കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള(എന്‍.സി.കെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Mani C Kappan NCK Pala Election Kerala Election 2021 LDF UDF Pinaray Vijayan