കോട്ടയം: പാല മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി. കാപ്പന്‍.
ജോസ് കെ. മാണി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് മാണി. സി. കാപ്പന്‍ പരാതി നല്‍കിയിരിക്കുന്നത്. പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷമാണ് ജോസ് കെ. മാണി പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിയതെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും കാണിച്ചാണ് പരാതി.
ജോസ് കെ മാണിക്ക് പാലായില്‍ പരാജയ ഭീതിയാണെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
അമ്പത് വര്‍ഷം തുടര്‍ച്ചയായി കെ.എം മാണി എന്ന ഒരേയൊരു നേതാവിനെ മാത്രം വിജയിപ്പിച്ച മണ്ഡലം അദ്ദേഹത്തിന്റെ മരണത്തിന് ശേഷം നടന്ന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 2006 മുതല്‍ മാണിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി സി. കാപ്പനെയായിരുന്നു വിജയിപ്പിച്ചത്.
കനത്ത മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. പാല മണ്ഡലം ഏത് വിധേയനയും തിരികെ പിടിക്കുമെന്നാണ് ജോസ്.കെ. മാണി പക്ഷം പറയുന്നത്. പാലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിന്ന് മത്സരിച്ച് ജയിച്ച എന്‍.സി.പി നേതാവായിരുന്ന മാണി സി. കാപ്പന്‍ യു.ഡി.എഫിലേക്കും ചേക്കറി. എന്‍.സി.പിയെ ഉപേക്ഷിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചുകൊണ്ടാണ് മാണി സി. കാപ്പന്‍ യു.ഡി.എഫിലെത്തിയിരിക്കുന്നത്.
മാണിയുടെ മരണത്തിന് തൊട്ടുപിന്നാലെ സീറ്റ് നഷ്ടമായ ജോസ് കെ. മാണിക്കും ഈയൊരൊറ്റ സീറ്റിനായി പുതിയ പാര്‍ട്ടി വരെ രൂപീകരിച്ച മാണി സി. കാപ്പനും വിജയം ഒരുപോലെ അനിവാര്യമാണ്. മാത്രമല്ല, വര്‍ഷങ്ങള്‍ നീണ്ട ബന്ധമുള്ള മുന്നണിയെ ഉപേക്ഷിച്ച് എതിര്‍ മുന്നണിയില്‍ എത്തിയ ഇരുവര്‍ക്കും പുതിയ മുന്നണിയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ഈ വിജയം കൂടിയേ തീരു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക