എം.എല്‍.എയായിരുന്ന കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് പാലാ മണ്ഡലം ഒരു ഉപതെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എന്‍.സി.പിയുടെ മാണി.സി.കാപ്പനെ പ്രഖ്യാപിച്ചു കഴിഞ്ഞു. നാമനിര്‍ദേശക പത്രികയും നല്‍കി. നാളെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചേക്കും.
മാണി.സി.കാപ്പന് മുമ്പേ സഹോദരന്‍ ജോര്‍ജ്.സി.കാപ്പന്‍ കെ.എം മാണിക്കെതിരെ പാലായില്‍ മത്സരിച്ചിട്ടുണ്ട്. അതേ അങ്ങനൊരു ചരിത്രമുണ്ട്.
പിതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ചെറിയാന്‍.ജെ.കാപ്പന്റെ ജൂനിയറായാണ് കെ എം മാണി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് കേസില്‍ ചെറിയാന്‍ മാണിക്കെതിരെ സാക്ഷി പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ പിണങ്ങി.
1991ലാണ് ജോര്‍ജ്.സി.കാപ്പന്‍ മാണിക്കെതിരെ മത്സരിക്കുന്നത്. അന്ന് പക്ഷെ മാണിയോട് പരാജയപ്പെടുകയായിരുന്നു. 17000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. നിയമസഭയിലെത്തി പാലായുടെ ശബ്ദമാവാന്‍ ജോര്‍ജ്.സി.കാപ്പന് ആയില്ലെങ്കിലും സഹകരണ മേഖലയില്‍ തിളങ്ങി. കഴിഞ്ഞ മുപ്പത് വര്‍ഷമായി കീഴ്തടിയൂര്‍ സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് ജോര്‍ജ്.സി.കാപ്പന്‍. മാണി.സി.കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവ സാന്നിദ്ധ്യമാണിപ്പോള്‍ ജോര്‍ജ്.