പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി. കാപ്പന്‍; മൂന്ന് സീറ്റ് ആവശ്യപ്പെട്ടേക്കും
Kerala
പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി. കാപ്പന്‍; മൂന്ന് സീറ്റ് ആവശ്യപ്പെട്ടേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 5:01 pm

കോട്ടയം: മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി. കാപ്പന്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. ബാബു കാര്‍ത്തികേയനെ വര്‍ക്കിങ് പ്രസിഡന്റായും തെരഞ്ഞെടുത്തു. സുല്‍ഫിക്കര്‍ മയൂരി, പി.ഗോപിനാഥ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സിബി തോമസാണ് ട്രഷറര്‍.

തങ്ങളെ ഘടക കക്ഷിയാക്കാനും കാപ്പന്‍ യു.ഡി.എഫിനോട് ആവശ്യപ്പെട്ടതായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ ഉള്‍പ്പെടെ 3 സീറ്റ് ചോദിക്കാനാണ് എന്‍.സി.കെയുടെ തീരുമാനമെന്നാണ് അറിയുന്നത്.

ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി എന്‍.സി.കെ മുന്നോട്ടുപോകുമെന്ന് കാപ്പന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ചേരില്ലെന്നും സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് മുന്നോട്ടുപോവുമെന്നും മാണി സി. കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരന്നു.

എല്‍.ഡി.എഫ് വിട്ട മാണി സി. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നിലപാടായിരുന്നു എടുത്തത്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു മേല്‍നോട്ട സമിതി യോഗത്തിലും മുല്ലപ്പള്ളി ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായമാണെന്നാണ് കാപ്പന്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ ചേരില്ലെന്ന കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞിരുന്നു.

മാണി സി. കാപ്പന്‍ ആണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പാലായില്‍ മത്സരിക്കുന്നത് എങ്കിലും അഭിമാന പോരാട്ടം ആയിട്ടാണ് ജോസഫ് വിഭാഗം പാലായിലെ തെരഞ്ഞെടുപ്പിനെ കാണുന്നത്.

ജോസ് കെ.മാണി തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തുന്ന സാഹചര്യത്തില്‍ ഏത് വിധേനയും ജോസ് കെ.മാണിയെ തോല്‍പ്പിക്കാന്‍ ആണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്.

ഇന്നലെ പാലായില്‍ നടന്ന യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗത്തില്‍ സജീവമായി തന്നെ ജോസഫ് വിഭാഗം ഉണ്ടായിരുന്നു. കാപ്പന്‍ ചുരുങ്ങിയ കാലയളവില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒപ്പം ജോസ് പക്ഷത്തെ വിള്ളലുകള്‍ മുതലെടുക്കാന്‍ ഉള്ള രഹസ്യ നീക്കങ്ങളും ജോസഫ് വിഭാഗം നടത്തുന്നുണ്ടെന്നാണ് സൂചന.

അതേസമയം കാപ്പന്‍ മറുപക്ഷത്തേക്ക് പോയത് ക്ഷീണമല്ലെന്നാണ് എന്‍.സി.പിയുടെ വിലയിരുത്തല്‍. ഏതാനും ചിലര്‍ മാത്രമാണ് കാപ്പനോടൊപ്പമുള്ളത്. അതു പാര്‍ട്ടിക്കു ക്ഷീണമാവില്ല. പാലാ ഉള്‍പ്പെടെയുള്ള നാലു സീറ്റിലും ഇത്തവണയും മത്സരിക്കാനാവുമെന്നാണ് കരുതുന്നതെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mani C Kappan Announce New Party