കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികളില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണവുമായി മാണി സി. കാപ്പന്‍.
പാലായിലെ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ കെട്ടിട ഉദ്ഘാടനത്തില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റി നിര്‍ത്തി മറ്റൊരു മന്ത്രിയെ വിളിച്ച് അധ്യക്ഷനാക്കിയെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഇത്തരം വിവേചനങ്ങള്‍ കാണിക്കുന്നുണ്ടെന്നും എന്നാല്‍ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ കാര്യങ്ങള്‍ ഭംഗിയായി പോകുന്നുണ്ടെന്നും അദ്ദഹം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മണ്ഡലത്തില്‍ എന്ത് വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നാലും അത് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഇത്തരം വിവേചനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും മാണി സി. കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മാണി സി. കാപ്പനെ സന്ദര്‍ശിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു. എം.എല്‍.എ മാണി സി. കാപ്പനെ സന്ദര്‍ശിച്ചു എന്ന കുറിപ്പോടെ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിത്രവും കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ് മാണി സി. കാപ്പന്‍ എന്‍.സി.പി വിട്ടത്. പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു നടപടി.
ഇതിനുശേഷം നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) എന്ന പാര്‍ട്ടി രൂപീകരിച്ച കാപ്പന്‍, പാലായില്‍ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്.
പാലായില്‍ എല്‍.ഡി.ഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് കെ. മാണിയെ 14,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി. കാപ്പന്‍ പരാജയപ്പെടുത്തിയത്.
Content Highlights: Mani C kappan alleged that he was not getting due consideration in the programs of the state government