Kerala News
ബി.ജെ.പിയ്ക്ക് വോട്ട് മറിച്ചുവിറ്റു, മദ്യവും പണവും വരെ ഒഴുക്കി; എന്നിട്ടും കാര്യമുണ്ടായില്ല: ജോസ് കെ.മാണിക്കെതിരെ മാണി സി. കാപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 03, 04:25 am
Monday, 3rd May 2021, 9:55 am

കോട്ടയം: പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ മണ്ഡലത്തില്‍ വിജയിച്ചതിന് പിന്നാലെ ജോസ് കെ. മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി. കാപ്പന്‍.

‘ജോസ് കെ. മാണി ബി.ജെ.പിക്ക് വോട്ട് കച്ചവടം നടത്തിയെന്ന് മാണി സി. കാപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാമപുരത്തും കടനാട്ടും പണം നല്‍കി വോട്ട് പിടിക്കാന്‍ ജോസ് ശ്രമിച്ചു. പാലായില്‍ പണവും മദ്യവും ഒഴുക്കിയിട്ടും രക്ഷപ്പെട്ടില്ല’, മാണി സി. കാപ്പന്‍ പറഞ്ഞു.

13000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ ജയിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ മാണി സി. കാപ്പനായിരുന്നു ഇവിടെ മുന്‍തൂക്കം.

ജോസ് കെ. മാണി എല്‍.ഡി.എഫിലെത്തിയതിന് പിന്നാലെ പാല സീറ്റിനുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് സിറ്റിംഗ് എം.എല്‍.എയായ മാണി സി. കാപ്പന്‍ യു.ഡി.എഫില്‍ ചേരുകയായിരുന്നു.

ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും അഭിമാനപോരാട്ടമായിരുന്ന പാല മണ്ഡലത്തില്‍ കനത്ത തോല്‍വിയാണ് ജോസ് കെ. മാണി ഏറ്റുവാങ്ങിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Mani C Kappan Aganist Jose K Mani