| Saturday, 19th May 2012, 11:17 am

കനകക്കുന്നില്‍ ഇനി മാമ്പഴക്കാലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ മാമ്പഴോത്സവത്തിന് തിരുവനന്തപുരം കനകക്കുന്നില്‍ തുടക്കമായി. നീലം, അല്‍ഫോണ്‍സ, പഞ്ചവര്‍ണ്ണം, ബങ്കനാപ്പള്ളി, ദശേരി, ബംഗ്ലോറ, സേലം തുടങ്ങി മഹാരാജ പസന്ത് എന്ന ഭീമന്‍ മാങ്ങ വരെ എണ്ണിയാലൊടുങ്ങാത്ത വൈവിധ്യവുമായി പഴങ്ങളുടെ രാജാവ് ഇനി പത്തുനാള്‍ കനകക്കുന്നിലുണ്ടാകും. കൃഷിമന്ത്രി കെ.പി.മോഹനന്‍ മാമ്പഴോത്സവം ഉദ്ഘാടനം ചെയ്തു.  കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തുടങ്ങി ഏഴു സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ മാമ്പഴോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ഹൈടെക് ഫാമിങ് കാര്‍ഷികരംഗത്ത് കേരളത്തിന്റെ മുഖഛായ മാറ്റുമെന്ന് കൃഷിമന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ ഹൈടെക് ഫാമിങ്ങിന് പത്തുകോടി ആദ്യഗഡുവായി അനുവദിക്കും. നെല്‍കൃഷി ഒഴികെ ഏതു കൃഷിയും ഏതു സീസണിലും ചെയ്യാമെന്നു വരുന്നതോടെ വലിയ മാറ്റം ഈ രംഗത്തുണ്ടാകും. യുവജനങ്ങളെ ഈ രംഗത്തേക്കാകര്‍ഷിക്കാന്‍ ഇത്തരം ആധുനികവത്കരണത്തിന് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ മാവ് കൃഷിക്കുളള അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും, വിത്തു മുതല്‍ വിപണി വരെയുളള നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് കൈമാറാനുമായിട്ടാണ് ഈ ദേശീയ സംഗമം സംഘടിപ്പിക്കുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഈ സംഗമത്തില്‍ വിവിധ മാങ്ങയിനങ്ങളുടേയും മാവിനങ്ങളുടെ നടീല്‍വസ്തുക്കളുടെയും വില്‍പ്പനയും, മാവുകൃഷിയില്‍ വിത്തു മുതല്‍ വിപണനം വരെയുളള ഘട്ടങ്ങളെ സംബന്ധിച്ച പ്രദര്‍ശനവും ഉണ്ടായിരിക്കും. വിപണി സൗകര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിവ് കര്‍ഷകരില്‍ എത്തിക്കുകയെന്നുളളത് കൂടി ഈ സംഗമത്തില്‍ ഉദ്ദേശിക്കുന്നുണ്ട്. മേളയില്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ മാവ് വിളവിസ്തൃതി വ്യാപനം ഉള്‍പ്പെടെ വിവിധ പദ്ധതികളെ വിശദമായി പ്രതിപാദിക്കുന്ന ഒരു സ്റ്റാള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മാങ്ങയിനങ്ങളില്‍ ഏറ്റവും വലിപ്പം കൂടിയ ജവാന്‍ പസന്ത് മുതല്‍ ഏറ്റവും ചെറിയ ഇനമായ സക്കരക്കട്ടി വരെയുളളവ മേളയുടെ സവിശേഷതയാണ്.

കേരളത്തിന്റെ തനതിനങ്ങളായ കോട്ടൂര്‍കോണം, വരിക്ക, കിളിച്ചുണ്ടന്‍ എന്നിവയും കര്‍ണ്ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുളള മാമ്പഴയിനങ്ങളും വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. ഹോര്‍ട്ടിക്കോര്‍പ്പിന്റെയും, വിവിധ സ്വകാര്യ നേഴ്‌സറികളടേയും വിവിധ മാവിനങ്ങളുടെ ഗ്രാഫ്റ്റ് തൈകളും, മറ്റ് ഫലവൃക്ഷങ്ങളുടെ തൈകളും മിതമായ നിരക്കില്‍ വില്‍പ്പനയ്ക്കുണ്ട്.
കനകക്കുന്നിലെ സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ഐസക്ക്, പി.പി.എം സെല്‍ ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍, ഹോര്‍ട്ടികോര്‍പ്പ് മാനേജിങ് ഡയറക്ടര്‍ മനോജ്കുറുപ്പ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ.കെ.പ്രതാപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more