| Wednesday, 22nd January 2020, 11:57 am

മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു; ആദിത്യ റാവുവെന്നയാള്‍ കീഴടങ്ങി, മാനസിക രോഗിയെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുവച്ചെന്ന് കരുതുന്നയാള്‍ പൊലീസിന് മുമ്പില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു എന്നയാളാണ് ഹലസൂരു പൊലീസിന് മുമ്പാകെ കീഴടങ്ങിയത്.

എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ആദിത്യ റാവു. ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നേരത്തെ ബംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് സന്ദേശം നല്‍കിയ കേസില്‍ പ്രതിയായിരുന്നു. 2018ല്‍ ഈ കേസില്‍ ആറ് മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.

ഇയാളെ വിമാനത്താവളത്തിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ആള്‍ തുളു ഭാഷയിലാണ് സംസാരിച്ചിരുന്നതെന്നായിരുന്നു മൊഴി.

തിങ്കളാഴ്ച രാവിലെ സ്വകാര്യ ബസിലാണ് പ്രതി മംഗളൂരു വിമാനത്താവളത്തിന് സമീപമെത്തിയത്. അപ്പോള്‍ ഇയാളുടെ കയ്യില്‍ രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് സമീപത്തെ കടയ്ക്ക് പുറത്ത് വച്ചതിന് ശേഷം ഓട്ടോയില്‍ വിമാനത്താവളത്തിലെത്തി. കയ്യിലുണ്ടായിരുന്ന ബാഗ് ടെര്‍മിനലിന് സമീപം വച്ചു. തിരികെ ഓട്ടോയില്‍ കയറി കടയില്‍ വച്ച ബാഗുമായി പ്രതി പമ്പ്‌വല്‍ ജംഗ്ഷനില്‍ ഇറങ്ങിയെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് വിമാനത്താവളത്തിലെ വിശ്രമമുറിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. വിമാനത്താവളത്തിന് പുറത്തെ സി.സി.ടി.വി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാളുടെ ചിത്രങ്ങള്‍ മംഗളൂരു പൊലീസ് പുറത്തുവിടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more