കൊച്ചി: മമ്മൂട്ടിയോട് സിനിമാക്കഥ പറയാന്‍ ചെന്ന അനുഭവം ഫേസ്ബുക്കില്‍ കുറിച്ച് മംഗ്ലീഷിന്റെ തിരക്കഥാകൃത്ത് റിയാസ്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് മമ്മൂട്ടി തന്നെ നായകനായ മംഗ്ലീഷിന്റെ തിരക്കഥ ഒരുക്കിയ റിയാസ് അനുഭവങ്ങള്‍ പങ്കുവെച്ചത്. വെനീസിലെ വ്യാപാരിയുടെ ലൊക്കേഷനില്‍ വെച്ചാണ് റിയാസ് തിരക്കഥ മമ്മൂട്ടിയെ പറഞ്ഞുകേള്‍പ്പിക്കുന്നത്.
‘മമ്മൂക്ക കഥ കേള്‍ക്കുന്ന രീതി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഓര്‍മ്മ വെച്ച കാലം തൊട്ടേ സ്‌ക്രീനില്‍ കണ്ട് വിസ്മയിച്ച താരത്തോടാണ് കഥ പറയാന്‍ പോകുന്നത്. ഏതോ സിനിമയില്‍ ദിലീപ് നമസ്‌തേ പറയണോ ഗുഡ് മോണിംഗ് പറയണോ എന്ന് സംശയിച്ച് സംശയിച്ച്, ഗുമസ്‌തേ എന്നാകും പോലെ എന്ത് സംബോധന ചെയ്യണം, സ്വയം എങ്ങനെ പരിചയപ്പെടുത്തണം അതിനുമപ്പുറം എന്ത് പറഞ്ഞ് തുടങ്ങണം എന്നെല്ലാമായി ആലോചന’, റിയാസ് പറയുന്നു.
ബാഗു നിറച്ചും കഥയാണോ എന്ന് ചോദിച്ച് ടെന്‍ഷന്‍ അടിച്ചിരുന്ന തന്നെ കൂളാക്കിയ മമ്മൂട്ടിയെക്കുറിച്ചും റിയാസ് കുറിപ്പില്‍ പറയുന്നു. കഥ കേട്ടു കഴിഞ്ഞ മമ്മൂട്ടി ഇത് നമുക്ക് ചെയ്യാമെന്ന് പറഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മൊമന്റെന്നും റിയാസ് കുറിച്ചു.
‘മറ്റൊരിക്കല്‍ മംഗ്ലീഷിന്റെ ഡബ്ബിംഗിനിടെ ഞാന്‍ മമ്മൂക്കയോട് പറഞ്ഞു, ഇക്കാ, ഇന്നെന്റെ പിറന്നാളാണ്.
ആശംസകളോടെ കൈ തന്ന് ചിരിയോടെ ചോദിച്ചു, അമ്പതോ, അറുപതോ?,ഞാന്‍ പ്രായം പറഞ്ഞു. അപ്പൊ താങ്കള്‍ ജനിക്കുമ്പോള്‍ മിസ്റ്റര്‍ മമ്മൂട്ടി സിനിമാ നടനാണ്. അതെ. എന്റെ ആയുസ്സാണ് മമ്മൂക്കയുടെ എക്‌സ്പീരിയന്‍സ്. ആ വാചകം അദ്ദേഹം ആവര്‍ത്തിച്ചു, എന്നിട്ട് പറഞ്ഞു ഡയലോഗ് കൊള്ളാം’, റിയാസ് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
കാക്കനാട് ജയില്‍. ‘വെനീസിലെ വ്യാപാരി’ യുടെ ലൊക്കേഷന്‍. ഉച്ചഭക്ഷണത്തിനുള്ള ബ്രേക്ക്.
തടവുകാരുമായുള്ള മമ്മൂക്കയുടെ ഇന്ററാക്ഷന്‍ എന്ന പരിപാടി കഥ പറയാന്‍ ചെന്ന ഞങ്ങളുടെ ഷെഡ്യൂളാണ് തെറ്റിച്ചത്.
‘അടുത്ത ദിവസത്തേക്ക് വെയ്ക്കാം. സമയമെടുത്ത് പറയാമല്ലോ. ധൃതിപ്പെട്ട് അവസരം നശിപ്പിക്കേണ്ട.’ പ്രൊഡ്യൂസര്‍ ഹനീഫ്ക്ക പറഞ്ഞു.
സലാംഭായ് എന്നെ നോക്കി. ‘എന്ത് ചെയ്യണം?’ അന്നവിടെ എത്തിപ്പെടാന്‍ അനുഭവിച്ച റിസ്‌ക്ക് ഓര്‍ത്താല്‍ കഥ പറയാതെ തിരികെ പോരുന്നത് കഷ്ടമാണ്. നമ്മള്‍ വിചാരിച്ച ദിവസം പത്രസ്ഥാപനത്തില്‍ നിന്നും അവധി കിട്ടുകയില്ല. സാരമില്ല പറഞ്ഞിട്ട് പോകാം. ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.
ഇനി ജീവന്മരണ നിമിഷങ്ങളാണ് മമ്മൂക്ക കഥ കേള്‍ക്കുന്ന രീതി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഷഹ്‌റാസാദ പോലും അത്രയും ടെന്‍ഷന്‍ അനുഭവിച്ചിട്ടുണ്ടാകില്ല. ഓര്‍മ്മ വെച്ച കാലം തൊട്ടേ സ്‌ക്രീനില്‍ കണ്ട് വിസ്മയിച്ച താരത്തോടാണ് കഥ പറയാന്‍ പോകുന്നത്.
ഏതോ സിനിമയില്‍ ദിലീപ് നമസ്‌തേ പറയണോ ഗുഡ് മോണിംഗ് പറയണോ എന്ന് സംശയിച്ച് സംശയിച്ച്, ഗുമസ്‌തേ എന്നാകും പോലെ എന്ത് സംബോധന ചെയ്യണം, സ്വയം എങ്ങനെ പരിചയപ്പെടുത്തണം അതിനുമപ്പുറം എന്ത് പറഞ്ഞ് തുടങ്ങണം എന്നെല്ലാമായി ആലോചന.
ആശങ്ക, വേവലാതി എല്ലാം പരകോടിയില്‍. ഹനീഫ്ക്ക പറഞ്ഞ പോലെ മറ്റൊരു ദിവസത്തേക്ക് വെച്ചാലോ? ഇനി അവസരമില്ല.
ജനലിനരികില്‍ മമ്മുക്ക വന്ന് ഇരുന്നു. ആര്‍പ്പു വിളികള്‍ക്കിടയിലൂടെ ക്രീസിലിറങ്ങുന്ന ബാറ്റ്‌സ്മാനെ പോലെ ഞാന്‍ അദ്ദേഹത്തിനടുത്തേക്ക് നടന്നു തുടങ്ങി. മമ്മൂക്ക മുഖം തിരിച്ച് എന്നെ നോക്കി. വര്‍ഷങ്ങള്‍ക്കു ശേഷം വിനീത് ശ്രീനിവാസന്‍ എഴുതിയ ഡയലോഗ് ആ നിമിഷം ഞാനനുഭവിച്ചു. ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റാതായി.
രാത്രി ഡെസ്‌കിലെ ജോലി തീര്‍ത്ത്, ന്യൂസ് എഡിറ്ററോട് നുണ പറഞ്ഞ് ലീവെടുത്ത് പുലര്‍ച്ചെ കോഴിക്കോട് നിന്നും പുറപ്പെട്ട് കൊച്ചിയിലെത്തിയതാണ്. അലങ്കോലമായ വേഷമാണ്. തോളിലൊരു ബാഗും. ടെന്‍ഷനില്‍ തൊണ്ട വരണ്ടും നെഞ്ചിടിച്ചുമാണ് ചെല്ലുന്നത്.
എന്റെ കോലം കണ്ടാവണം അദ്ദേഹം സൗഹാര്‍ദ്ദ ഭാവത്തില്‍ ചിരിച്ചു. സന്തോഷം പരിധി വിട്ട് ഒരുവേള സംശയിച്ചു. ഞാന്‍ മരിച്ചോ?
‘ഹലോ…’ സ്‌ക്രീനില്‍ മാത്രം കേട്ട ശബ്ദം. ബാഗു നിറച്ചും കഥയാണോ? ഞാന്‍ ചിരിച്ചു. എന്റെ എല്ലാ ടെന്‍ഷനും മാറി. പത്ത് മിനുട്ടില്‍ കഥ പറയാമോ? അതായിരുന്നു ചോദ്യം. എനിയ്ക്കഞ്ചു മിനുട്ട് മതി. എന്തോ ധൈര്യത്തില്‍ ഞാനലക്കി.
അല്ലെങ്കിലും പത്ത് മിനുട്ടിലധികം കഥ പറയുന്നതും കേള്‍ക്കുന്നതും ബോറാണ് എന്നാണ് വ്യക്തിപരമായ അഭിപ്രായം. കുറുക്കിയാല്‍ അത്രയും മൂര്‍ച്ച കിട്ടും. ത്രില്ലറാണ്, സസ്‌പെന്‍സുണ്ട്, വണ്‍ ലൈനില്‍ ആരും കഥയില്‍ വീണുപോകാവുന്ന സംഘര്‍ഷമുണ്ട്. അതായിരുന്നു വിശ്വാസം.
തെറ്റിയില്ല. പത്ത് മിനുട്ട് കഴിഞ്ഞ് 22 മിനുട്ട് പിന്നെയും കഥ തന്നെ സംസാരിച്ചു. പിന്നീടാണ് പരിചയപ്പെട്ടത്. കുറച്ചു ദൂരം നിന്ന ഹനീഫ്ക്കയോട് മമ്മൂക്ക ഉറക്കെ വിളിച്ചു പറഞ്ഞു. ‘ഇത് നമുക്ക് ചെയ്യാം’. ജീവിതത്തിലെ ഏറ്റവും വിലയേറിയ മൊമന്റ്.
സ്‌ക്രിപ്റ്റ് ആയെങ്കിലും ആ കഥ സിനിമയായില്ല. എഴുത്ത് നേടിത്തന്ന സൗഹൃദങ്ങളേ ജീവിതത്തിലുള്ളൂ. അതില്‍ വിലമതിക്കാനാവാത്ത ഒന്നിനാണ് ആ ഒക്ടോബര്‍ 4ന് തുടക്കമായത്. മൂന്ന് വര്‍ഷം കഴിഞ്ഞ് മംഗ്ലീഷിന്റെ ഡബ്ബിംഗിനിടെ ഞാന്‍ മമ്മൂക്കയോട് പറഞ്ഞു,
‘ഇക്കാ, ഇന്നെന്റെ പിറന്നാളാണ്’. ആശംസകളോടെ കൈ തന്ന് ചിരിയോടെ ചോദിച്ചു .അമ്പതോ, അറുപതോ?
ഞാന്‍ പ്രായം പറഞ്ഞു. അപ്പൊ താങ്കള്‍ ജനിക്കുമ്പോള്‍ മിസ്റ്റര്‍ മമ്മൂട്ടി സിനിമാ നടനാണ്. അതെ. എന്റെ ആയുസ്സാണ് മമ്മൂക്കയുടെ എക്‌സ്പീരിയന്‍സ്. ആ വാചകം അദ്ദേഹം ആവര്‍ത്തിച്ചു .’ഡയലോഗ് കൊള്ളാം’.
നിത്യ വിസ്മയത്തിന്, എന്റെ ആദ്യ നായകന്, പ്രിയപ്പെട്ട മമ്മൂക്കയ്ക്ക്…പിറന്നാളാശംസകള്‍!
കാക്കനാട് ജയിൽ.'വെനീസിലെ വ്യാപാരി' യുടെ ലൊക്കേഷൻ.ഉച്ചഭക്ഷണത്തിനുള്ള ബ്രേക്ക്.തടവുകാരുമായുള്ള മമ്മൂക്കയുടെ ഇന്ററാക്ഷൻ…
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക